സമൃദ്ധിയുടെ ഭക്ഷണം’; ഇന്ന് ലോക ക്ഷീര ദിനം

1 min read
SHARE

ഇന്ന് ലോക ക്ഷീര ദിനം. ഒരു ആഗോള ഭക്ഷണം എന്ന നിലയില്‍ പാലിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനാണ് ലോക ക്ഷീര ദിനം ആചരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉല്‍പാദക രാജ്യമായ ഇന്ത്യയെ സംബന്ധിച്ചും ഈ ദിനം പ്രധാനമാണ്.

 

ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ക്ക് ഒരു ഉപജീവനമാര്‍ഗ്ഗം തന്നെയാണ് ക്ഷീര വ്യവസായം. ഒപ്പം തന്നെ ഒരു സമീകൃത ആഹാരമായ പാലിന്റെ പ്രാധാന്യത്തെയും ഓര്‍ക്കാതെ വയ്യ. പാല് ഒരു ആഗോള ഭക്ഷണമാണിത്. അത് തിരിച്ചറിയുന്നതിന് കൂടിയാണ് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ 2001 മുതല്‍ എല്ലാവര്‍ഷവും ജൂണ്‍ ഒന്നിന് ഇത് ആചരിച്ചു വരുന്നത്

ഇന്ന് ലോകത്തെ ഏറ്റവും കൂടുതല്‍ പാല്‍ ഉല്പാദിപ്പിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. നിരവധി ആളുകള്‍ക്ക് ഒരു ജീവനോപാധി കൂടിയാണിത്… കൂടാതെ മനുഷ്യ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍, കാത്സ്യം, കൊഴുപ്പ്, ഐഡിന്‍, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയെല്ലാം അടങ്ങിയ ഗുണഗണങ്ങളുടെ കലവറയാണ് ഈ ഭക്ഷണം.

ഇന്ത്യയുടെ ഗ്രാമീണ ജീവിതത്തില്‍ ക്ഷീര വ്യവസായം എത്രത്തോളം സാധാരണക്കാര്‍ക്ക് ഉപകാരപ്രദം ആകും എന്ന് തെളിയിച്ച ധവള വിപ്ലവത്തിന്റെ പിതാവാണ് ഡോക്ടര്‍ വര്‍ഗീസ് കുര്യന്‍. ഇന്ന് അമുല്‍ എന്ന പേരില്‍ വളര്‍ന്ന് പടര്‍ന്നുപന്തലിച്ച വ്യവസായ സ്ഥാപനത്തിന് പിന്നില്‍ ആയിരമായിരം ക്ഷീരകര്‍ഷകരുടെയും ഡോക്ടര്‍ വര്‍ഗീസ് കുര്യന്‍ എന്ന മനുഷ്യന്റെയും വിയര്‍പ്പുണ്ട്.

ഇന്ത്യയിലെ ഡെയറി വ്യവസായത്തെ രാജ്യത്തെ ഏറ്റവും വലിയ ഗ്രാമീണ തൊഴില്‍ദാന പദ്ധതി ആക്കി മാറ്റാന്‍ കഴിഞ്ഞതിനൊപ്പം സമൂഹത്തിന്റെ ഏറ്റവുംഅടിത്തട്ടിലുള്ള വ്യവസായ സംഘങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനും അദ്ദേഹത്തിന് സാധിച്ചു. ആഹാരത്തിന്റെ ഗുണനിലവാരത്തില്‍ ജനങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് മുതല്‍ പാലുല്‍പന്നങ്ങള്‍ക്ക് വിപണിയില്‍ ഇന്ന് ആവശ്യക്കാര്‍ ഏറുകയാണ്. ഒരു പക്ഷേ ചെറുകിട വ്യവാസായ സംരംഭകരെയടക്കം മികച്ച നിലയിലേക്ക് ഉയര്‍ത്താന്‍ ക്ഷീര വ്യവസായത്തിന് സാധിച്ചു എന്നതാണ് സത്യം.