വിൻ പ്രഡിക്ടറിൽ ഇന്ത്യയുടെ ജയസാധ്യത 8 %, പാകിസ്ഥാന്‍റേത് 92 %; എന്നിട്ടും വിജയം എറിഞ്ഞിട്ട് ടീം ഇന്ത്യ
1 min read

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 120 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന്‍ പതിനാലാം ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സിലെത്തിയപ്പോള്‍ ആരാധകര്‍ പ്രതീക്ഷ കൈവിട്ടതായിരുന്നു. മത്സരത്തിന്‍റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സ് ഈ സമയം വിജയസാധ്യത പ്രവചിക്കുന്ന വിന്‍ പ്രഡിക്ടറില്‍ സാധ്യത പ്രവചിച്ചത് ഇന്ത്യക്ക് എട്ട് ശതമാവും പാകിസ്ഥാന് 92 ശതമാനവും ആയിരുന്നു.ആ സമയം ഏഴ് വിക്കറ്റ് കൈയിലിക്കെ 36 പന്തില്‍ പാകിസ്ഥാന് ജയത്തിലേക്ക് വേണ്ടിയിരുന്നത് 40 റണ്‍സ് മാത്രം. 31 റണ്‍സുമായി മുഹമ്മദ് റിസ്‌വാന്‍ ക്രീസിലുണ്ടായിരുന്നു. എന്നാല്‍ പതിനഞ്ചാം ഓവര്‍ എറിയാനെത്തിയ ജസ്പ്രീത് ബുമ്ര ആദ്യ പന്തില്‍ മനോഹരമായൊരു ഇന്‍സ്വിംഗറിലൂടെ റിസ്‌വാന്‍റെ സ്റ്റംപിളക്കിയപ്പോള്‍ അതുവരെ മൂകമായിരുന്ന നാസൗ കൗണ്ടി സ്റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിച്ചു. ഈ സമയം കമന്‍ററ്റര്‍മാര്‍ ഇനി ആ വിന്‍ പ്രഡിക്ടര്‍ ഒന്നുകൂടി കാണിക്കണമെന്ന് ബ്രോഡ്കാസ്റ്റര്‍മാരോട് തമാശയായി പറയുകയും ചെയ്തു.
