ഹൈറിച്ച്‌ ഉടമകളുടെയും പ്രൊമോട്ടര്‍മാരുടെയും വീടുകളില്‍ ഇഡി റെയ്ഡ്.

1 min read
SHARE

ണ്ണൂര്‍: തൃശൂര്‍ ആസ്ഥാനമാക്കി ഹൈറിച്ച്‌ ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി യുണ്ടാക്കി മണിച്ചെയിന്‍ തട്ടിപ്പിലൂടെ സര്‍ക്കാരിനെയും ജനങ്ങളെയും കബളിപ്പിച്ച സംഭവത്തില്‍ കമ്പനിയുടമകളുടെയും പ്രൊമോട്ടര്‍മാരുടെയും വീടുകളില്‍ എന്‍ഫോഴ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ്. ചൊവ്വാഴ്ച രാവിലെ മുതല്‍ മണിക്കൂറുകളോളമാണ് വിവിധ ജില്ലകളിലെ പതിനഞ്ചോളം കേന്ദ്രങ്ങളില്‍ ഇഡിയുടെ ഡല്‍ഹി, കൊച്ചി യൂണിറ്റുകള്‍ സംയുക്തമായി കേന്ദ്ര സേനയുടെ സഹായത്തോടെ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ ലാപ്‌ടോപ്പുകളുള്‍പ്പെടെ പരിശോധിച്ച്‌ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയതായാണ് വിവരം. ഹൈറിച്ച്‌ ഉടമകളായ പ്രതാപൻ, ഭാര്യ സീന എന്നിവരുടെ തൃശൂരിലെ വീടുകളിലും പ്രൊമോട്ടര്‍മാരുടെ വീടുകളിലുമാണ് റെയ്ഡ് നടത്തിയത്. മണിച്ചെയിന്‍ തട്ടിപ്പുകള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ക്ക് പുറമെ ഇടത്തട്ടുകാരായി നിന്ന് നിക്ഷേപ സമാഹരണം നടത്തിക്കുന്ന ദല്ലാളുമാരും കേസില്‍ പ്രതികളാകും. ഇതോടൊപ്പം മഹാരാഷ്ട്ര, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ ഹൈറിച്ച്‌ കേന്ദ്രങ്ങളിലും റെയ്ഡ് നടന്നതായാണ് വിവരം. കേരളത്തില്‍ ഹൈറിച്ച്‌ നിയമനടപടി നേരിടുമ്ബോള്‍ ഇതെല്ലാം മറച്ചുവച്ച്‌ നടത്തിയ ഇടപാടുകള്‍ കണ്ടെത്താനാണ് ഇതര സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തിയത്. 3,141 കോടിയുടെ തട്ടിപ്പ് മണി ചെയിനിലൂടെ ഹൈറിച്ച്‌ നടത്തിയതായി മുഖ്യമന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇഡി നടത്തിയ റെയ്ഡില്‍ 2,300 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.