തിരഞ്ഞെടുപ്പ് പരാജയം പോരാളി ഷാജിയുടെ തലയിൽ കെട്ടിവെക്കാൻ നോക്കുന്നത് പിണറായിയെ രക്ഷിക്കാൻ; സുധാകരൻ
1 min readതിരുവനന്തപുരം: യുഡിഎഫ് നേതാക്കളെ സൈബര്‍ ലോകത്ത് വളഞ്ഞിട്ട് ആക്രമിക്കാന്‍ പോറ്റിവളര്‍ത്തിയ പോരാളി ഷാജിമാരെ ഇപ്പോള്‍ തള്ളിപ്പറയുന്നത് തിരഞ്ഞെടുപ്പ് പരാജയം അവരുടെ തലയില്‍ കെട്ടിവച്ച് മുഖ്യമന്ത്രിക്കും സിപിഐഎം നേതാക്കള്‍ക്കും രക്ഷപ്പെടാനാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. തിരഞ്ഞെടുപ്പ് കാലത്ത് ഇവരുടെ പോസ്റ്റുകള്‍ സിപിഐഎം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എകെജി സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന സിപിഐഎം സൈബര്‍ വിഭാഗം ഏറ്റവുമധികം പകര്‍ത്തിയത് പോരാളി ഷാജിയുടെ പോസ്റ്റുകളാണ്. അതാണ് പരാജയ കാരണമായി സിപിഐഎം ഇപ്പോള്‍ വിലയിരുത്തുന്നത്. മടിയിലും ഒക്കത്തുംവച്ച് പാലൂട്ടി വളര്‍ത്തിയശേഷമാണ് ഇപ്പോള്‍ ഇറങ്ങിവാടാ എന്ന് ആക്രോശിക്കുന്നത്. സിപിഐഎമ്മിന്‍റെ കൊലപാതക- ക്വട്ടേഷന്‍ സംഘം പോലെയാണ് സൈബര്‍ ലോകത്ത് പോരാളി ഷാജിയും കൂട്ടരും. ടിപി ചന്ദ്രശേഖറിനെ അരിഞ്ഞുവീഴ്ത്തിയതുപോലെ എത്രയോ യുഡിഎഫ് നേതാക്കളെയാണ് ഇവര്‍ ആക്രമിച്ചിട്ടുള്ളത്. ഇതിനെതിരേ കെപിസിസി ഔദ്യോഗികമായി തന്നെ നിരവധി തവണ പരാതി നല്കിയിട്ടും ചെറുവിരല്‍ അനക്കിയിട്ടില്ല. പിണറായി വിജയനും സിപിഐഎം നേതാക്കളും അവരെ സംരക്ഷിക്കുകയും അവരുടെ പോസ്റ്റുകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ കനത്ത പരാജയത്തിന്‍റെ പ്രധാന കാരണമായി പോരാളി ഷാജി കാണുന്നത് പണമിടപാടുകളും ദന്തഗോപുരവാസവുമാണ്. ഇതു മുഖ്യന്ത്രി പിണറായി വിജയന് നേരിട്ടുള്ള കുത്താണ്. മദ്യനയം മാറ്റാന്‍ ബാറുടമകളില്‍നിന്ന് കോടികള്‍ സമാഹരിച്ചതും കരിമണല്‍ കമ്പനിയില്‍നിന്നും കോടികള്‍ കൈപ്പറ്റിയതും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കിയവയാണ്. പുരയ്ക്കുമേലെ ചാഞ്ഞ മരം വെട്ടാന്‍ സിപിഐഎം തീരുമാനിച്ചത് ഈ പശ്ചാത്തലത്തിലാണ്. പോരാളി ഷാജിയെ തള്ളിപ്പറഞ്ഞ് പിണറായിയെ സംരക്ഷിക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനമെന്നും സുധാകരൻ കൂട്ടിചേർത്തു.