മോദിയ്ക്ക് മറുപടി ചെങ്കോലിലൂടെ; എം കെ സ്റ്റാലിന് ആദരസൂചകമായി വെള്ളി ചെങ്കോൽ സമ്മാനം
1 min readകോയമ്പത്തൂർ: ലോകസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ വൻ വിജയത്തിന് ആദരസൂചകമായി മുഖ്യമന്ത്രി എം കെ സ്റ്റാലിന് വെള്ളികൊണ്ടുള്ള ചെങ്കോൽ സമ്മാനം. ഇതിനു പിന്നാലെ ബിജെപിയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുമുള്ള മറുപടികൂടിയാണ് ഈ ചെങ്കോൽ സമ്മാനം എന്ന വ്യാഖ്യാനവും ഉയര്‍ന്നു കഴിഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിൽ കുംഭകോണത്തിനടുത്ത് തിരുവാവാട്തുറൈ അഥീനംമഠം നൽകിയ സ്വർണംപൂശിയ ചെങ്കോലാണ് സ്ഥാപിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലും ദക്ഷിണേന്ത്യയിലും സാന്നിധ്യം ശക്തമാക്കുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയപ്രചാരണമായി ബിജെപി ചെങ്കോലിനെ ഉപയോഗിക്കുകയും ചെയ്തിരുന്നു. ചെങ്കോൽ സ്ഥാപിക്കുന്നതിനെതിരേ പ്രതിപക്ഷ കക്ഷികളിൽ നിന്നും വലിയതോതിലുള്ള വിമർശനം ഉയർന്നെങ്കിലും അതൊന്നും നരേന്ദ്രമോദി വകവെച്ചിരുന്നില്ല. എന്നാൽ തിരഞ്ഞെടുപ്പിൽ സകല അടവുകളും പയറ്റിയിട്ടും തമിഴ്‌നാട്ടിൽ ഒരു സീറ്റിൽപ്പോലും വിജയിക്കാൻ ബിജെപിയ്ക്ക് കഴിഞ്ഞില്ല. എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ 40 സീറ്റിലും ഡിഎംകെ മുന്നണി വൻ വിജയം നേടുകയും ചെയ്തു. ശനിയാഴ്ച കോയമ്പത്തൂരിൽ നടന്ന ആഘോഷത്തിൽ മന്ത്രിമാരായ എസ് മുത്തുസ്വാമിയും ടി ആർ ബി രാജയും ജില്ലയിലെ ഡി എം കെ നേതാക്കളും ചേർന്നാണ് വെള്ളികൊണ്ടുള്ള ചെങ്കോൽ മുഖ്യമന്ത്രിക്ക് സമ്മാനിച്ചത്. മുന്നണിയിലെ ഘടകകക്ഷിനേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചെങ്കോൽ സമ്മാനിച്ചത്.