‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് വിവാദം; കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്
1 min read‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. മതസ്പര്‍ദ്ദ വളര്‍ത്തല്‍, ഐ.ടി ആക്ട് 295 എ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫില്‍ ആണ് പരാതിക്കാരന്‍. വിവാദ ‘കാഫിര്‍’ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്ന് ഇന്നലെ കെകെ ലതിക പിന്‍വലിച്ചിരുന്നു. പിന്നാലെ ഫേസ്ബുക്ക് പ്രൊഫൈലും ലോക്ക് ചെയ്തു. ഫേസ്ബുക്കില്‍ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രത്യക്ഷപ്പെട്ട കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിം അല്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പോസ്റ്റ് വ്യാജമാണെന്ന് പൊലീസ് സ്ഥികരിച്ചിട്ടും സ്‌ക്രീന്‍ഷോട്ട് തന്റെ ഫേസ്ബുക്കില്‍ നിന്ന് ലതിക പിന്‍വലിക്കാത്തതിനെതിരെ യുഡിഎഫ് രംഗത്തുവന്നിരുന്നു. ലതികക്കെതിരെ കേസ് എടുക്കണമെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്‌ക്രീന്‍ഷോട്ട് പിന്‍വലിച്ച് ഫേസ്ബുക്ക് അക്കൗണ്ട് ലോക്ക് ചെയ്തത്.