‘പിണറായി ഏറ്റവും പ്രധാനപ്പെട്ട നേതാവ്’; നേതൃമാറ്റം തള്ളി എം വി ഗോവിന്ദൻ
1 min readകൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാർട്ടിയിലോ സർക്കാരിലോ നേതൃമാറ്റമുണ്ടാവില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പിണറായി വിജയൻ ഏറ്റവും പ്രധാനപ്പെട്ട നേതാവാണ്. തുടർ ഭരണത്തിലേക്ക് നയിക്കാൻ നെടും തൂണായി നിന്നത് പിണറായി വിജയനാണ്. തിരഞ്ഞെടുപ്പിലെ തിരിച്ചടി സംബന്ധിച്ച് എന്തൊക്കെ തിരുത്തേണ്ടതുണ്ടോ അതൊക്കെ തിരുത്തും. തിരുത്തുന്നതിനു ഒരു പ്രയാസവുമില്ല. മാറ്റങ്ങൾക്ക് പാർട്ടി മുന്നിൽ നിന്ന് പ്രവർത്തിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പ്രകാശ് ജാവ്ദേക്കറുമായുള്ള ഇ പി ജയരാജന്റെ വിവാദ കൂടിക്കാഴ്ച ഗൗരവപൂർവ്വം പരിശോധിക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ‘ഇ പി ജയരാജൻ ബി ജെ പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതുൾപ്പെടെയുള്ള കാര്യങ്ങൾ ഞങ്ങൾ ഗൗരവപൂർവം പരിശോധിക്കും. എന്തെല്ലാം മാറ്റം വരുത്തണോ അതെല്ലാം ഞങ്ങൾ ചെയ്യും. തിരുത്താനാണല്ലോ എല്ലാം’. മാതൃഭൂമി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. എന്തിനാണ് സർക്കാരിൽ നേതൃമാറ്റം. ഏറ്റവും പ്രധാനപ്പെട്ട നേതാവല്ലേ പിണറായി. തുടർഭരണത്തിലേക്കു കേരളത്തെ നയിക്കാൻ നെടുംതൂണായി നിന്നത് പിണറായിയാണ്. ഇപ്പോഴുമതേ. പാർട്ടിയുടെയും സർക്കാരിന്റെയും മുന്നിൽ അത്തരമൊരു കാര്യമില്ല. എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. നവകേരള സദസ് തിരിച്ചടിയായെന്ന വിലയിരുത്തൽ എം വി ഗോവിന്ദൻ തള്ളി. നവകേരള സദസ്സ് നല്ല ഗുണം ചെയ്തു. മാധ്യമങ്ങൾ വിവാദമുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഭാഗമായി വലിയൊരു ജനകീയ മുന്നേറ്റമല്ലേ ഉണ്ടായത്. അത് വോട്ടായില്ലെങ്കിൽ 33 ശതമാനം വോട്ട് കിട്ടില്ലല്ലോ. ഈ പ്രശ്നങ്ങൾക്കിടയിലും ഇത്രയും ശതമാനം വോട്ട് കിട്ടിയില്ലേ. പക്ഷേ, കിട്ടേണ്ടതെല്ലാം കിട്ടിയോ എന്ന് ചോദിച്ചാൽ കിട്ടിയില്ല, അത്രേയുള്ളൂ. അത് മനസ്സിലാക്കിയാണ് ഇനി ഇടപെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ന്യൂനപക്ഷ വർഗീയ മുന്നണിയായി മാറി. ന്യൂനപക്ഷ പ്രീണനം സംബന്ധിച്ച് സിപിഐഎമ്മിനുള്ളിൽ പ്രശ്നങ്ങളില്ല. ന്യൂനപക്ഷ പ്രീണനം ബിജെപിയുടെ പ്രചാരവേലയാണ്. ആ പ്രചാരവേല സ്വാഭാവികമായും ജനങ്ങളെ കുറച്ചൊക്കെ സ്വാധീനിക്കുന്നുണ്ടാകാം. ന്യൂനപക്ഷ സംരക്ഷണമാണ് ഇടതുപക്ഷത്തിന്റെ മുഖമുദ്രയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ‘ഭീഷണിപ്പെടുത്തിയായാലും മറ്റു രീതിയിലായാലും ക്രിസ്തീയ വിഭാഗത്തെ അതിന്റെ ഭാഗമാക്കാൻ ശ്രമിക്കുമ്പോൾ മറുഭാഗത്ത് വലിയൊരു സ്പർധ മുസ്‌ലിം-ക്രിസ്ത്യൻ ജനവിഭാഗങ്ങളിൽ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ഇത് പച്ചയായി ഇന്ത്യയിലാകെയും കേരളത്തിലും കാണാം. ഇതും ഭാവിയിൽ അപകടകരമായ ഒരവസ്ഥയാണ്. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും പരസ്പരം ആശയവൈരുധ്യത്തിന്റെ പേരിൽ വേർതിരിക്കാൻ ശ്രമിക്കുന്നത് വലിയ അപകടമാണ്. ക്രിസ്തീയപ്രീണനവും മുസ്‌ലിം വിരുദ്ധതയും കേരളത്തെ സംബന്ധിച്ച് ഗൗരവമുള്ള പ്രശ്നമാണ്. തിരഞ്ഞെടുപ്പിൽ ആരു ജയിക്കുന്നു തോൽക്കുന്നു എന്നതിനെക്കാളും ഇന്ത്യയുടെയും കേരളത്തിന്റെയും ഭാവി നിർണയിക്കുന്നതിൽ മതനിരപേക്ഷതയ്ക്കുള്ള പങ്ക് വേറേ ഒന്നിനുമില്ല’. എം വി ഗോവിന്ദൻ പറഞ്ഞു. ബിജെപിയുടെ തൃശ്ശൂരിലെ ജയം അപകടകരമായ ചൂണ്ടുപലകയാണ്. ഒല്ലൂർ പോലുള്ള മണ്ഡലത്തിൽനിന്ന് കോൺഗ്രസിന് പരമ്പരാഗതമായി കിട്ടിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യൻ വോട്ട് ഉൾപ്പെടെ പതിനയ്യായിരം വോട്ടാണ് കുറഞ്ഞത്. ഏറ്റവും അപകടകരമായി ബി ജെ പി ക്ക് ജയസാധ്യതയുള്ള മണ്ഡലത്തിൽ മാത്രം 86,000 വോട്ടാണ് കോൺഗ്രസിന് കുറഞ്ഞത്. ഇടതുപക്ഷത്തിനും അവിടെ വോട്ട് നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ, 74,000 വോട്ടിനാണ് ജയം. സിംഹഭാഗ സംഭാവന യഥാർഥത്തിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്നുമാണ്. അതും ദൂരവ്യാപകഫലം ഉളവാക്കുന്നതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.