2002ൽ വംശനാശ ഭീഷണി, 2020ഓടെ ഏത് കാലാവസ്ഥയോടും പൊരുത്തപ്പെട്ട് തിരിച്ചെത്തി, കടിയേറ്റ് വലഞ്ഞ് നാട്ടുകാർ
1 min readധാക്ക: 2002ൽ വംശനാശ ഭീഷണി നേരിട്ടുവെന്ന് വിലയിരുത്തിയ വിഷ പാമ്പുകളേക്കൊണ്ട് വലഞ്ഞ് ബംഗ്ലാദേശ്. വിളവെടുപ്പ് സീസൺ കൂടി അടുത്തതോടെ ആളുകൾക്ക് പാമ്പുകടിയേൽക്കുന്ന സംഭവങ്ങൾ രാജ്യത്ത് വലിയ രീതിയിലാണ് വർധിച്ചിരിക്കുന്നത്. ദിനം പ്രതി പാമ്പ് കടിയേറ്റ് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായതോടെ ആശുപത്രികളോട് ആന്റി വെനം കരുതി വയ്ക്കാനുള്ള നിർദ്ദേശമാണ് ബംഗ്ലാദേശ് ആരോഗ്യമന്ത്രി ഡോ. സമാന്ത ലാൽ സെൻ ആവശ്യപ്പെട്ടിരിക്കുന്നത്. പാമ്പ് കടിയേൽക്കുന്നവരെ ഉടൻ ആശുപത്രിയിലെത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അണലി പാമ്പാണ് ബംഗ്ലാദേശിനെ അടുത്തിടെയായി വലയ്ക്കുന്ന വീരൻ. സാധാരണ ഗതിയിൽ മനുഷ്യവാസമുള്ള മേഖലകളിൽ കാണാറുള്ള ഇവയെ വയലിലും പരിസരത്തും കാണാറുണ്ട്. ഓരോ വർഷവും 7000 പേർ ബംഗ്ലാദേശിൽ പാമ്പ് കടിയേറ്റ് മരിക്കുന്നുവെന്നാണ് 2023ൽ നടന്ന പഠനത്തിൽ വ്യക്തമായത്. 2002ൽ അണലി പാമ്പുകളെ ബംഗ്ലാദേശിൽ വംശനാശം വന്നതായി വിലയിരുത്തിയിരുന്നു. എന്നാൽ അടുത്തിടെ ബംഗ്ലാദേശിലെ വിവിധ ഇടങ്ങളിൽ അണലികളെ കണ്ടെത്തിയിരുന്നു.
സാധാരണ ഗതിയിൽ വരണ്ട പ്രദേശങ്ങളിൽ കണ്ടിരുന്ന ഇവ ഏത് കാലാവസ്ഥയോടും പൊരുത്തപ്പെട്ട് വരുന്നതായാണ് വിദഗ്ധർ വിശദമാക്കുന്നത്. ചതുപ്പ് നിലങ്ങളിലും ചെളി നിറഞ്ഞ പ്രദേശങ്ങളിലും തീരെ കാണാറില്ലാതിരുന്ന ഇവയെ നിലവിൽ ബംഗ്ലാദേശിലെ 25 ജില്ലകളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. രക്ത പര്യയന വ്യവസ്ഥയേയാണ് അണലിയുടെ വിഷം ബാധിക്കുന്നത്.