May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 15, 2025

വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദം; കുഞ്ഞിൻ്റെ യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ ശ്രമിച്ചു; തെളിവായി വാട്സപ്പ് ചാറ്റ്

1 min read
SHARE

കളമശേരി മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തിൽ നടന്നത് വലിയ ഗൂഢാലോചന. കുഞ്ഞിൻ്റെ യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ ശ്രമം നടന്നു എന്ന് വ്യക്തമാക്കുന്ന വാട്സപ്പ് ചാറ്റുകൾ പുറത്തുവന്നു. താത്കാലിക ജീവനക്കാരിയായിരുന്ന രഹനയുമായി മെഡിക്കൽ റെക്കോർഡ്സ് വിഭാഗത്തിലെ ജീവനക്കാർ നടത്തിയ ചാറ്റാണ് ഇപ്പോൾ പുറത്തുവന്നത്. 27/8/2022ലാണ് കുഞ്ഞ് ജനിച്ചത്. ആ ദിവസം ജനന സർട്ടിഫിക്കറ്റുണ്ട്. ഇത് തിരുത്താനാണ് ശ്രമം നടന്നത്. ഈ ആവശ്യവുമായി അശ്വിനി എന്ന ജീവനക്കാരി രഹനയ്ക്ക് വാട്സപ്പ് സന്ദേശം അയക്കുകയായിരുന്നു. തുടർന്ന് രഹന ജീവനക്കാരിക്ക് ബർത്ത് ഫോം അയച്ചുനൽകി. അനിൽ സർ പറഞ്ഞിട്ടാണ് താൻ ഇത് ചെയ്യുന്നതെന്നും റെക്കോർഡ്സ് വിഭാഗത്തിലെ ജീവനക്കാരി ചാറ്റിൽ പറയുന്നു.ജനിച്ച് ദിവസങ്ങൾക്കുള്ളിൽ പെൺകുഞ്ഞ് അനൂപിന്റെ പക്കലെത്തിയിരുന്നു. ഇത് സംബന്ധിച്ച് സിഡബ്ല്യുസിക്ക് മുഴുവൻ വിവരങ്ങളും ലഭിച്ചു. കഴിഞ്ഞ ദിവസം കുഞ്ഞിനെ ചിൽഡ്രൻസ് ഹോമിലെത്തിച്ചിരുന്നു.സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെ ഇന്നലെ രാത്രിയോടെ തിരിച്ചറിഞ്ഞു. കുട്ടിയുടെ യഥാർത്ഥ ജനനസർട്ടിഫിക്കറ്റിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. കളമശേരി മെഡിക്കൽ കോളജിലാണ് കുഞ്ഞ് ജനിച്ചതെന്നാണ് ജനന സർട്ടിഫിക്കറ്റിലുള്ളത്. കുട്ടിയുടെ പിതാവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവത്തിൽ സിഡബ്ല്യുസി വിശദമായ അന്വേഷണം നടത്തിവരികയാണ്. കളമശേരി മെഡിക്കൽ കോളജിൽ കഴിഞ്ഞ ഓഗസ്റ്റിലാണ് പെൺകുഞ്ഞ് ജനിച്ചത്. സെപ്തംബർ ആദ്യ വാരത്തിലാണ് സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്യുന്നത്. കുട്ടിയുടെ പേര് സർട്ടിഫിക്കറ്റിൽ ഇല്ലായിരുന്നെങ്കിലും സർട്ടിഫിക്കറ്റിലുണ്ടായിരുന്ന അഡ്രസ് തെരഞ്ഞാണ് കുഞ്ഞിന്റെ രക്ഷിതാക്കളെ തിരിച്ചറിഞ്ഞത്.കുഞ്ഞിന്റെ മാതാപിതാക്കൾ എറണാകുളം ജില്ലക്കാരാണെന്ന് മനസിലാക്കിയെങ്കിലും സർട്ടിഫിക്കറ്റിൽ നൽകിയ അഡ്രസിലുള്ള വീട്ടിലല്ല ഇരുവരും ഇപ്പോൾ താമസിക്കുന്നത്. മേൽവിലാസത്തിലുള്ള പ്രദേശത്തെ ആശാവർക്കർമാരുമായും ജനപ്രതിനിധികളുമായും സിഡബ്ല്യുസി ചെയർമാൻ ആശയവിനിമയം നടത്തിയിരുന്നു. മാതാപിതാക്കൾ ഒരുമിച്ചാണോ താമസിക്കുന്നതെന്ന കാര്യത്തിൽ നിലവിൽ സിഡബ്ല്യുസിക്ക് വ്യക്തത വരുത്താൻ സാധിച്ചിട്ടില്ലെന്നാണ് വിവരം.