കുഞ്ഞിക്കുടുക്കയും കുട്ടി മോതിരങ്ങൾ വിറ്റ തുകയും ദുരിതാശ്വാസനിധിക്കായി നൽകി കുരുന്നുകൾ

1 min read
SHARE

തങ്ങളുടെ കുഞ്ഞിക്കുടുക്കകളിലെ നിക്ഷേപവും കുട്ടി സ്വർണ്ണമോതിരം വിറ്റ രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി കുരുന്നുകൾ. തിലാനൂർ എൽ പി സ്‌കൂളിലെ ഇരട്ട സഹോദരങ്ങളായ ആരവ് വിനോദും അർച്ചിത് വിനോദും ചൊവ്വാഴ്ച കലക്ടറേറ്റിൽ അധ്യാപകരുമായി എത്തിയത് തങ്ങളുടെ ചെറിയ കുടുക്കയും കുഞ്ഞി മോതിരം വിറ്റ പൈസയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ്. ഇരുവരും സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥികളാണ്. കുട്ടികൾ രക്ഷകർത്താക്കളോട് വയനാടിനെ സഹായിക്കണമെന്ന് പറഞ്ഞപ്പോൾ അവർ അധ്യാപകരെ ബന്ധപ്പെട്ടതിനെ തുടർന്നാണ് കലക്ടറേറ്റിൽ സഹായവുമായി എത്തിയത്. ഇതേ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായ ഷാരുജ് കെ യും തന്റെ കുടുക്കയിലെ രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പ്രധാന അധ്യാപകൻ പി വി അനിൽകുമാറും ജിഷ്‌നടീച്ചറും ഷാരൂജിന്റെ പിതാവും കുട്ടികളുടെ കൂടെ ഉണ്ടായിരുന്നു. കുട്ടികൾ ദുരിതാശ്വാസ നിധിയിലേക്കുള്ള പണം എൽ എ ഡെപ്യൂട്ടി കലക്ടർ കെ ഹിമക്ക് കൈമാറി. മേലൂർ ഈസ്റ്റ് ബേസിക് യൂ പി സ്‌കൂളിലെ വിദ്യാർഥികളും അവരുടെ ചെറിയ കുടുക്ക നിക്ഷേപം കലക്ടറേറ്റിൽ എത്തി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സ്‌കൂൾ ലീഡർമാരായ കെ പി അലോക്, പി പി സന അധ്യാപകരായ പ്രസീജ മയലക്കര, യു ആദർശ്, നിതിൻ എന്നിവരടൊപ്പം എത്തിയാണ് എൽ എ ഡെപ്യൂട്ടി കലക്ടർക്ക് സഹായം കൈമാറിയത്.