ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതി അജ്ഞാതവാഹനമിടിച്ച് മരിച്ചു

1 min read
SHARE

കോഴിക്കോട്: ഭർത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അജ്ഞാതവാഹനമിടിച്ച് യുവതി മരിച്ചു. പുതുപ്പാടി പള്ളിക്കുന്നുമ്മലില്‍ താമസിക്കുന്ന ആച്ചിയില്‍ പെരിങ്കല്ലമൂല നാജിയ ഷെറിൻ (26) ആണ് മരിച്ചത്. അമിതവേഗത്തിലെത്തിയ വാഹനം ബൈക്ക് ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോകുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഷെറിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഷെറിന്‍റെ ഭർത്താവ് നൗഫൽ പരിക്കുകളോടെ ചികിത്സയിലാണ്. കുന്ദമംഗലം ഉപ്പഞ്ചേരിമ്മല്‍താഴം ബസ്സ്റ്റോപ്പിന് സമീപം ശനിയാഴ്ച പുലർച്ചെ നാലു മണിയോടെയായിരുന്നു അപകടം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന സഹോദരനെ കാണാനായാണ് ഷെറിൻ ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര തിരിച്ചത്. ഉപ്പഞ്ചേരിമ്മല്‍താഴം ബസ്സ്റ്റോപ്പിന് അടുത്ത് എത്തിയപ്പോഴാണ് അപകടം നടന്നത്. അപകടം ഉണ്ടാക്കിയ വാഹനം ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ കുന്ദമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിക്കപ്പ് വാനാണ് അപകടത്തിനിടയാക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രദേശത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കബീർ-സാജിദ ദമ്പതികളുടെ മകളാണ് നാജിയ ഷെറിൻ. നഫീസത്തുല്‍ നിസ്റ ഏക മകളാണ്. സഹോദരങ്ങള്‍: മുഹമ്മദ് ഹിജാസ്, മുഹമ്മദ് സിനാൻ, മുഹമ്മദ് സിദാൻ.