ലണ്ടനിലെ ഹോട്ടൽ മുറിയിൽ എയർഹോസ്റ്റസിനെതിരെ ആക്രമണം; പ്രതികരിച്ച് എയർ ഇന്ത്യ

1 min read
SHARE

ന്യൂഡൽഹി: ലണ്ടനിലെ ഹോട്ടൽ മുറിയിൽ വെച്ച് എയർഹോസ്റ്റസ് ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് എയർ ഇന്ത്യ. ജീവനക്കാരുടെ സുരക്ഷയ്ക്ക് ഞങ്ങൾ വളരെ പ്രധാന്യമാണ് നൽകുന്നത്. ​ക്രൂ അംഗത്തിന് സാധ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ട്. ലോക്കൽ പൊലീസുമായി ചേർന്ന് കേസിൽ എന്താണോ വേണ്ടത് അതെല്ലാം ചെയ്യുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഒരു പ്രമുഖ അന്താരാഷ്‌ട്ര ശൃംഖലയുടെ കീഴിലുള്ള ഒരു ഹോട്ടലിൽ വെച്ചാണ് എയർഹോസ്റ്റസ് ആക്രമിക്കപ്പെട്ടത്. സഹപ്രവർത്തകയ്ക്കും ഒപ്പമുണ്ടായിരുന്ന മറ്റ് ക്രൂ അംഗങ്ങൾക്കും കൗൺസിലിംഗ് ഉൾപ്പെടെ സാധ്യമായ എല്ലാ പിന്തുണയും നൽകും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഹോട്ടൽ മാനേജ്‌മെൻ്റ് ശ്രദ്ധിക്കണം. ഹോട്ടലിൽ എത്തുന്ന എല്ലാവരുടെയും സ്വകാര്യത മാനിക്കണമെന്നും എയർ ഇന്ത്യ പറ‍ഞ്ഞു. നിസാര പരിക്കുകളോടെ എയർഹോസ്റ്റസിനെ ​ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഇപ്പോൾ ഇന്ത്യയിൽ തിരിച്ചെത്തിയിട്ടുണ്ടെന്നും അവിടെ കൗൺസിലിംഗ് നടത്തുന്നുണ്ടെന്നും എയർ ഇന്ത്യ ഉദ്യോഗസ്ഥൻ പറഞ്ഞു. പുലർച്ചെ 1.30 ഓടെയാണ് സംഭവം. ക്രൂ അംഗം മുറിയിൽ ഉറങ്ങുകയായിരുന്നു. മുറിയിൽ ഒരു അഞ്ജാതനെ കണ്ടതിനാൽ ഒച്ചവെച്ച ക്രൂ അംഗത്തെ അഞ്ജാതൻ ഹാംഗർ ഉപയോഗിച്ച് ആക്രമിക്കുകയും തറയിൽ വലിച്ചിഴയ്ക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രൂ അംഗത്തിൻ്റെ സുഹൃത്തുക്കൾ കൃത്യസമയത്ത് ഇടപെടുകയായിരുന്നു.