ഹേമ കമ്മിറ്റി, സർക്കാറിന് ഒന്നും മറച്ചുവെക്കാനില്ല; മാധ്യമങ്ങൾ കടന്നാക്രമിക്കുന്നു: എംവി ഗോവിന്ദൻ

1 min read
SHARE

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവെയ്ക്കാനില്ലെന്നും കോടതി നിര്‍ദേശം അനുസരിച്ച് നടപ്പാക്കാന്‍ പറയുന്നത് മുഴുവന്‍ നടപ്പാക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ അടക്കം വ്യക്തിപരമായി അക്രമിക്കുന്നത് വ്യക്തമായ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ സര്‍ക്കാരിനെ കടന്നാക്രമിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘സ്ത്രീ സുരക്ഷയ്ക്ക് സര്‍ക്കാര്‍ പ്രതിബദ്ധരാണ്. ചില വെളിപ്പെടുത്തല്‍ വരുമ്പോള്‍ ചിലര്‍ക്ക് രാജിവെയ്‌ക്കേണ്ടി വരും. രഞ്ജിത്ത് തെളിയിക്കുമെന്ന് പറഞ്ഞിട്ടുണ്ട്, നോക്കാം. സിദ്ധിഖും രാജിവെച്ചിട്ടുണ്ട്. സിനിമാ മേഖലയില്‍ ഉള്‍പ്പടെ സ്ത്രീവിരുദ്ധത വളര്‍ന്ന് പന്തലിച്ചിരിക്കുന്നു. സമത്വം എന്നത് സ്ത്രീക്കും പുരുഷനും തുല്യമായിരിക്കണം. അവരുടെ വേതനം ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യത്തിലും തുല്യത വേണം. ഈ സര്‍ക്കാര്‍ പ്രതിബദ്ധതയോടെയാണ് തുല്യതയുള്‍പ്പടെയുള്ള നിലപാടുകള്‍ സ്വീകരിക്കുന്നത്,’ എം വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തില്‍ ഉള്ളത് പോലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ ലോകത്ത് വേറെ എവിടെയും ഇല്ലെന്നും തീവ്ര വലതുപക്ഷത്തിന് അടിത്തറ ഉണ്ടാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇടതുപക്ഷ സര്‍ക്കാരിനെ കടന്നാക്രമിക്കുന്നുവെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ‘തീവ്ര വലതുപക്ഷത്തിന് അടിത്തറ ഉണ്ടാക്കാനാണ് കേരളത്തിലെ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. സര്‍ക്കാരിനെ താഴെയിറക്കാന്‍ സിഐഎയില്‍ നിന്ന് പണം വാങ്ങിയവരാണ് മാധ്യമങ്ങള്‍. തെറ്റായ ഒരു പ്രവണതയ്ക്കും ഇടതുപക്ഷപ്രസ്ഥാനത്തിന് കൂട്ടുനില്‍ക്കാനാവില്ല. ആര് എന്നത് പ്രശ്നമേയല്ല. സര്‍ക്കാരിന്റെ നിലപാട് അതാണ്,’ അദ്ദേഹം പറഞ്ഞു. അതേസമയം സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. ആരോപണം ഉന്നയിച്ചവരില്‍ നിന്നും പ്രത്യേക സംഘം മൊഴിയെടുക്കും. നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആണ് ഉപദേശം നല്‍കിയത്. ആരോപണം ഉന്നയിച്ചവര്‍ പരാതിയില്‍ ഉറച്ചുനിന്നാല്‍ കേസെടുക്കും. പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പൊലീസ് ഐജി ശ്രീ. സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാനാണ് തീരുമാനം. പ്രസ്തുത സ്പെഷ്യല്‍ ടീമിന്ന് ക്രൈംബ്രാഞ്ച് എഡിജിപി ശ്രീ. എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. ജി. സ്പര്‍ജന്‍കുമാര്‍ ഐജിപി, എസ്. അജീത ബീഗം ഡിഐജി, മെറിന്‍ ജോസഫ് എസ്.പി ക്രൈംബ്രാഞ്ച് ഒഝ, ജി. പൂങ്കുഴലി – എഐജി, കോസ്റ്റല്‍ പൊലീസ്, ഐശ്വര്യ ഡോങ്ക്റെ – അസി. ഡയറക്ടര്‍ കേരള പൊലീസ് അക്കാദമി, അജിത്ത് വി – എഐജി, ലോ&ഓര്‍ഡര്‍, എസ് മധുസൂദനന്‍ – എസ്.പി ക്രൈംബ്രാഞ്ച് എന്നിവരാണ് പ്രത്യേക സംഘത്തിലുള്ളത്.