December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
December 18, 2025

കേരളത്തിന് തിരിച്ചടിയാകുന്ന തീരുമാനം വീണ്ടും; സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം കുറയ്ക്കാൻ കേന്ദ്ര നീക്കമെന്ന് റിപ്പോർട്ട്

SHARE

സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം വെട്ടിക്കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. പതിനാറാം ധനകാര്യ കമ്മിഷന് മുന്നില്‍ ഈ നിർദ്ദേശം കേന്ദ്ര സർക്കാർ വെക്കും. നിലവില്‍ നൽകുന്ന 41 ശതമാനം നികുതി വിഹിതം 40 ശതമാനമാക്കാനാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കം. സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം 50 ശതമാനമാക്കണമെന്നാണ് കേരളം അടക്കം ആവശ്യപ്പെടുന്നത്. 15ാം ധനകാര്യ കമ്മിഷനാണ് സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം 42 ശതമാനത്തിൽ നിന്ന് 41 ശതമാനമാക്കി കുറച്ചത്.

2026-27 മുതലുള്ള അഞ്ച് സാമ്പത്തിക വര്‍ഷത്തേക്കുള്ള 16-ാം ധനകാര്യ കമ്മീഷൻ്റെ നിര്‍ദ്ദേശങ്ങള്‍ ഈ വർഷം ഒക്ടോബര്‍ 31ന് മുമ്പ് സമര്‍പ്പിക്കും. മാര്‍ച്ച് അവസാനത്തോടെ ഇക്കാര്യത്തിൽ കേന്ദ്ര മന്ത്രിസഭയുടെ അനുമതി വാങ്ങിയ ശേഷം കേന്ദ്ര ധനകാര്യ മന്ത്രാലയം, ധനകാര്യ കമ്മിഷനെ സമീപിക്കും. ഒരു ശതമാനത്തിന്റെ കുറവാണ് കേന്ദ്രം ലക്ഷ്യമിടുന്നതെങ്കിലും ഇതിലൂടെ കേന്ദ്രസർക്കാരിന് 35000 കോടി രൂപയുടെ അധിക വരുമാനം ലഭിക്കും.

അതേസമയം കേരളത്തിൻ്റെ സ്ഥിതിയാണ് ഇതിൽ ഏറെ വെല്ലുവിളി നേരിടുന്നത്. കേരളത്തിനുള്ള കേന്ദ്ര നികുതി വിഹിതം നടപ്പ് സാമ്പത്തികവർഷത്തിൽ 24,772.38 കോടി രൂപയാണ്. 2025-26 സാമ്പത്തിക വർഷത്തിൽ 27,382.06 രൂപ കേന്ദ്ര വിഹിതമായി ലഭിക്കേണ്ടതുണ്ടെന്നാണ് കണക്ക്. 10ാം ധനകാര്യ കമ്മിഷന്‍ 3.8 ശതമാനം നികുതി വിഹിതമാണ് കേരളത്തിന് അനുവദിച്ചിരുന്നത്. 15ാം ധനകാര്യ കമ്മീഷൻ ഇത് 1.92 ശതമാനമാക്കി കുറച്ചിരുന്നു. കേരളം സന്ദർശിച്ച 16ാം ധനകാര്യ കമ്മീഷനോട് നികുതി വിഹിതം ഉയർത്തണമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ധനമന്ത്രി കെഎൻ ബാലഗോപാൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര നീക്കം സംസ്ഥാന സർക്കാരിൻ്റെ പ്രതീക്ഷകൾ അസ്ഥാനത്താക്കുന്നതാണ്.