July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 4, 2025

ബേക്കൽ കോട്ടയിൽ പണിതു, ചെങ്കല്ല് പാകിയ പുതിയ 350 മീറ്റർ നടപ്പാത

1 min read
SHARE

 

അന്താരാഷ്ട്ര വിനോദസഞ്ചാരകേന്ദ്രമായ ബേക്കൽ കോട്ടയുടെ അകത്തെ നടപ്പാതകൾ ചെങ്കല്ല് പാകി സൗന്ദര്യവത്കരിക്കുന്നു. 13 കല്ലുകളുടെ വീതിയിലും 350 മീറ്റർ നീളത്തിലും ചെങ്കല്ലുകൾ പാകി നടപ്പാതകൾ മോടിപിടിപ്പിച്ചു. ഈ ചരിത്രസ്മാരകത്തിന്റെ കോട്ടമതിലിൽ 14-ഉം കോട്ടയുടെ മുൻഭാഗത്ത് രണ്ടും കടൽക്കാഴ്ചകൾ ആസ്വദിക്കുന്നിടത്ത് ഒന്നും ഗുളികൻകല്ലിനടുത്ത് മറ്റൊന്നുമടക്കം 21 കൊത്തളങ്ങളാണ് കോട്ടയിലുള്ളത്. ഇതിൽ പലതിലേക്കും നടപ്പാതകൾ ഇല്ലായിരുന്നു. അങ്ങനെയുള്ള കൊത്തളങ്ങളെ ബന്ധിപ്പിച്ച് കടൽത്തീരത്തേക്ക് നീളുന്ന ചെങ്കൽപാകിയ പുതിയ നടപ്പാത സന്ദർശകർക്ക് ആശ്വാസം പകരുന്നുണ്ട്.

കോട്ടയ്ക്കകത്ത് നടപ്പാതയില്ലാതിരുന്ന രണ്ട് കൊത്തളങ്ങളിലേക്ക് സന്ദർശകർക്ക് എളുപ്പത്തിലെത്താൻ കഴിയുംവിധം പുതിയ നടപ്പാത തീർത്തിട്ടുണ്ട്. അതോടൊപ്പം കോട്ടയ്ക്കകത്തെ ശൗചാലയത്തിലേക്കുള്ള വഴിയും ചെങ്കല്ലുകൾ പാകിയിട്ടുണ്ട്. കേന്ദ്ര പുരാവസ്തുവകുപ്പിന് കീഴിലുള്ള കോട്ടയിൽ ഇതോടെ രണ്ട് കിലോമീറ്ററോളം ചെങ്കൽ പാകിയ നടപ്പാതയായി

ചെങ്കല്ല് കെട്ടി സിമന്റ് തേച്ച പുതിയ ഓവുചാലും നിർമിക്കുന്നുണ്ട്. ബേക്കൽ കോട്ടയുടെ മുൻവശം ടിക്കറ്റ് കൗണ്ടറിനടുത്തായി ‘എൽ’ ആകൃതിയിലുള്ള ഇടിഞ്ഞുതുടങ്ങിയ മതിലിന്റെ കല്ലുകൾക്ക് മുകളിലെ മണ്ണ് മാറ്റി ശാസ്ത്രീയമായി പുനഃസൃഷ്ടിച്ച് സംരക്ഷിക്കാനുള്ള നടപടികളും തുടങ്ങി. കേന്ദ്ര പുരാവസ്തുവകുപ്പ് തൃശ്ശൂർ സർക്കിൾ ഡെപ്യൂട്ടി സൂപ്രണ്ട് സി. കണ്ണന്റെ കീഴിലുളള സംഘത്തിനാണ് ജോലികളുടെ മേൽനോട്ടച്ചുമതല. കേന്ദ്ര പുരാവസ്തുവകുപ്പ് തൃശ്ശൂർ സർക്കിൾ സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് കെ. രാമകൃഷ്ണ റെഡ്ഢി നിർമാണം വിലയിരുത്താൻ ബേക്കൽ കോട്ടയിൽ എത്തിയിരുന്നു. ബേക്കൽ കോട്ടയയുടെ ചുമതലയുള്ള കൺസർവേറ്റീവ് അസിസ്റ്റന്റ് പിലിക്കോട്ടെ പി.വി. ഷാജുവും മറ്റ് ജീവനക്കാരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കൊയിലാണ്ടിയിലെ പ്രകാശൻ മേസ്ത്രിയുടെ കീഴിൽ 10 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.