മലബാറിൽ രണ്ട് വർഷത്തിനുള്ളിൽ ആയിരത്തോളം യൂണിറ്റുകൾ; വിവാദമായ മെക് സെവൻ കൂട്ടായ്മ എന്താണ്
1 min read

എന്താണ് വിവാദമായ ഈ മെക് സെവൻ കൂട്ടായ്മ. ആരൊക്കെയാണ് ഈ കൂട്ടായ്മയുടെ ഭാഗം. ഇന്ത്യൻ പാരാമിലിറ്ററി സർവീസിൽ നിന്ന് സ്വയം വിരമിച്ച മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ പി സലാഹുദ്ദീൻ തുടക്കമിട്ട ആരോഗ്യ പ്രസ്ഥാനമാണ് മെക് – 7 അഥവാ മൾട്ടി എക്സർസൈസ് കോമ്പിനേഷൻ. സ്വന്തം നാട്ടുകാരുടെ ജീവിതശൈലീരോഗങ്ങൾക്കുള്ള പരിഹാരം എന്ന നിലയിൽ വ്യായാമ മുറകൾക്കായി സലാഹുദ്ദീൻ നാട്ടിൽ 2012 ലാണ് മെക് സെവൻ തുടങ്ങുന്നത്. 2022 മുതൽ പുതിയ ശാഖകൾ ആരംഭിച്ച മെക് 7 മലബാറിൽ രണ്ട് വർഷത്തിനുള്ളിൽ ആയിരത്തോളം യൂണിറ്റുകളായി വളർന്നു.ശരീരത്തിനും മനസ്സിനും നവയൗവനം നൽകുക’ എന്ന മെക് 7 പ്രമേയം എല്ലാ പ്രായക്കാർക്കിടയിലും പ്രചാരം നേടി. എയ്റോബിക്സ്, ഫിസിയോതെറപ്പി, യോഗ, മെഡിറ്റേഷൻ, ഫേസ് മസാജ്, അക്യുപ്രഷർ, ഡീപ് ബ്രീത്തിങ് തുടങ്ങി ഒരു ദിവസം 20 മിനിറ്റ് മാത്രം വേണ്ടിവരുന്ന 21 വ്യായാമമുറകൾ ഉൾക്കൊള്ളുന്നതാണ് മെക് സെവൻ.ഓരോ ക്ലബ് അംഗവും താൻ പരിശീലിക്കുന്നത് കുടുംബാംഗങ്ങളെയും പരിശീലിപ്പിക്കണം, പക്ഷാഘാതം വന്ന രോഗികളെ സന്ദർശിക്കുകയും രോഗികളെക്കൊണ്ട് കഴിയുന്ന വ്യായാമം ചെയ്യിപ്പിക്കണം തുടങ്ങി നിരവധി നിര്‍ദേശങ്ങൾ കൂട്ടായ്മ നല്കുന്നു. 60 വയസ്സിന് മുകളിലുള്ളവരാണ് കൂട്ടായ്മയിൽ പ്രധാനമായുള്ളത്. സ്കൂളുകൾ കേന്ദ്രീകരിച്ച് ലീഡറും, ട്രെയിനർമാരായി സ്ത്രീകൾ തന്നെയുള്ള വനിതാ യൂണിറ്റുകളും പിന്നാലെ നിലവിൽ വന്നു. യുഎഇ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്കും മെക് – 7 വളർന്നു. വിവാദങ്ങൾ ഉയര്‍ന്ന സാഹചര്യത്തിൽ രാഷ്ട്രീയ ഇടപെടലുകളുകളുണ്ടെന്ന വാദം പൂർണമായും നിഷേധിക്കുകയാണ് മെക് 7 അധികൃതർ.
