അഡ്വൈസ് മെമ്മോ ഡിജിറ്റലായി വരും; പി എസ് സി നിയമന ശുപാർശ ഇനി ഓൺലൈനിലൂടെ

1 min read
SHARE

 

 

തിരുവനന്തപുരം: പി എസ് സി വഴിയുള്ള എല്ലാ നിയമന ശുപാർശകളും ഇനി ഓൺലൈൻ വഴിയാക്കുന്നു. ജൂലൈ ഒന്നു മുതലാണ് ഇതു പ്രാബല്യത്തിൽ വരിക. അടുത്ത മാസം ഒന്നു മുതൽ നിയമന ശുപാർശകൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കാനാണ് പബ്ലിക് സർവീസ് കമ്മീഷൻ തീരുമാനിച്ചിട്ടുള്ളത്.ക്യൂ ആർ കോഡ് ഉൾപ്പെടുത്തി സുരക്ഷിതമാക്കിയ നിയമന ശുപാർശകളാണ് ലഭ്യമാക്കുക. ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈലിൽ പ്രവേശിച്ചാൽ ഇത് ലഭ്യമാകും. അഡ്വൈസ് മെമ്മോ ലഭിക്കുന്ന ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിലേക്ക് ഇതോടൊപ്പം എസ് എം എസ് സന്ദേശം കൂടി നൽകും.റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അയക്കുന്ന അഡ്വൈസ് മെമ്മോ കാലതാമസമില്ലാതെ ലഭിക്കാനും അഡ്വൈസ് മെമ്മോ കൂടുതൽ സുരക്ഷിതമാക്കുകയും ലക്ഷ്യമിട്ടാണ് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതെന്ന് പി എസ് സി വ്യക്തമാക്കി. പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതോടെ, തപാൽ മാർഗം അഡ്വൈസ് മെമ്മോ അയക്കുന്ന രീതി നിർത്തലാക്കുമെന്നും പി എസ് സി അറിയിച്ചു.നിലവിൽ രജിസ്‌റ്റേഡ് തപാൽ മാർഗ്ഗമാണ് നിയമന ശുപാർശ അയക്കുന്നത്. ഇത് ഉദ്യോഗാർഥികളുടെ കൈയിലെത്താൻ പലപ്പോഴും വൈകുന്നുവെന്ന പരാതി ഉയരാറുണ്ട്. പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാൽ മാർഗ്ഗം അയയ്ക്കുന്ന രീതി നിർത്തലാക്കും. എന്നാൽ വകുപ്പുകളിലേക്ക് നൽകുന്ന അഡ്വൈസ് ലെറ്റർ തപാൽ മാർഗ്ഗം തുടർന്നും അയക്കും.