സവിശേഷ കലാരൂപങ്ങൾക്ക് വേണ്ട കാർഷിക ഉത്പന്നങ്ങൾ; കർഷകർക്ക് അധിക വരുമാനം നൽകുന്ന പ്രൊജക്റ്റിനെ കുറിച്ച് ശ്രീവത്സൻ ജെ മേനോൻ

1 min read
SHARE

മലയാളികൾ ഹൃദയത്തിൽ ഏറ്റുവാങ്ങിയ ​ഗാനങ്ങൾ സമ്മാനിച്ചയാളാണ് ശ്രീവത്സൻ ജെ മേനോൻ. എന്നും കേട്ടിരിക്കാൻ ആ​ഗ്രഹിക്കുന്നവയാണ് അദ്ദേഹത്തിന്റെ എല്ലാ സംഭാവനകളും. എന്നാൽ തൃശ്ശൂര്‍ മണ്ണുത്തിയിലെ കാര്‍ഷിക സര്‍വകലാശാല യിലെ പ്രൊഫസറായ ശ്രീവത്സനെ ആളുകൾക്ക് അത്ര പരിചയം കാണില്ല. സെന്ററിലെ പ്രൊഫസറും പ്രത്യേക ചുമതലയുള്ള ഓഫീസറുമാണദ്ദേഹം. കൃഷിയും സംസ്കാരവുമായി ബന്ധപ്പെടുത്തി അദ്ദേഹം ചെയ്യുന്ന രസകരമായ ഒരു പ്രൊജക്റ്റുണ്ട്. കൃഷിയുമായി ബന്ധമുള്ള നാടൻ കലകളുടെ വീഡിയോ ഡോക്യൂമെന്റേഷനാണ് അത്. ഇതിനുള്ളിൽ നൂറോളം ചെറിയ വിഡിയോകൾ ഈ സംരംഭത്തിന്റെ ഭാഗമായി ചെയ്തുകഴിഞ്ഞു. ഇതുകൊണ്ട് കർഷകർക്കുള്ള ​ഗുണവും അദ്ദേഹം പറയുന്നുണ്ട്.

പത്തനംതിട്ടയിലെ പടയണിക്കോലങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് കവുങ്ങിന്റെ പച്ചപ്പാളയും വാരികളുമാണ്. ഇപ്പോൾ പ്രധാനമായും കൃഷിക്കുപയോഗിക്കുന്ന സങ്കരയിനം കവുങ്ങിൻ പാളകൾക്ക് പരമ്പരാഗത ഇനങ്ങളുടെ ബലമില്ലാത്തതിനാൽ 42 പടയണി കരകളിലും വലിയ പ്രതിസന്ധിയുണ്ടായി. ഇത് മനസ്സിലാക്കിയ സർവകലാശാല പരമ്പരാഗത കാസർകോടൻ ഇനം ഉത്പാദിപ്പിച്ച് സൗജന്യമായി കർഷകർക്കിടയിൽ വിതരണം ചെയ്തു. 5000 തൈകളാണ് ഇങ്ങനെ നൽകിയത്.

 

ഇതോടൊപ്പം തെയ്യങ്ങൾക്ക് വേണ്ട കവുങ്ങിൻ തൈകൾ 6000 എണ്ണവും വിതരണം ചെയ്യാൻ തയ്യാറായി കഴിഞ്ഞു. കൃഷിയുമായി ബന്ധമുള്ള കലാരൂപങ്ങളുടെ ഡോക്യൂമെന്റേഷനിലാണ് ഈ പ്രശ്നം കണ്ടെത്തിയതും പരിഹരിച്ചതും. ഇത്തരത്തിൽ ഓരോ നാട്ടിലുമുള്ള സവിശേഷ കലാരൂപങ്ങൾക്ക് വേണ്ട കാർഷിക ഉത്പന്നങ്ങൾ കണ്ടെത്തിയാൽ കർഷകർക്ക് ഒരു അധിക വരുമാനമായി അത് മാറ്റാം എന്നാണ് തങ്ങളുടെ പ്രതീക്ഷ എന്ന് ശ്രീവത്സൻ പറയുന്നു