അമ്പലമുക്ക് വിനീത കൊലക്കേസ്; പ്രതി രാജേന്ദ്രന്‍ കുറ്റക്കാരന്‍
1 min read

തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാരച്ചെടി വില്പനശാലയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ. കന്യാകുമാരി ജില്ലയിലെ തോവാളം സ്വദേശിയാണ് പ്രതി രാജേന്ദ്രൻ. മുൻപും ഇയാൾ മൂന്ന് കൊലപാതകങ്ങൾ നടത്തിയിരുന്നു.
സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിച്ചിരുന്ന രാജേന്ദ്രൻ പണത്തിന് ആവശ്യം വരുമ്പോൾ കൊലപാതകങ്ങൾ നടത്തുകയായിരുന്നു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ,സാഹചര്യ തെളിവുകളായിരുന്നു നിർണ്ണായകം. 118 സാക്ഷികളിൽ 96 പേരെ കേസിൽ സാക്ഷികളായി വിസ്തരിച്ചു.
2022 ഫെബ്രുവരി 6നാണ് നെടുമങ്ങാട് സ്വദേശി വിനീതയെ കുത്തി കൊലപ്പെടുത്തിയത്. പേരൂർക്കട അമ്പലമുക്കിലെ ചെടിക്കടയിൽ പട്ടാപകൽ ആയിരുന്നു കൊലപാതകം. വിനീത അണിഞ്ഞ നാലര പവന്റെ സ്വർണ മാല കവരാനാണ് പ്രതി രാജേന്ദ്രൻ കൊലപാതകം നടത്തിയത്. അതിക്രമം നടക്കുമ്പോൾ വിനീത മാത്രമാണ് കടയിൽ ഉണ്ടായിരുന്നത്. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതി തമിഴ്നാട് സ്വദേശി രാജേന്ദ്രൻ ആണെന്ന് കണ്ടെത്തിയത്. തമിഴ്നാട്ടിലെ കാവൽ കിണറിലെ ലോഡ്ജിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പേരൂർക്കടയിലെ ചായക്കടയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. തമിഴ്നാട്ടിലെ ഒരു കുടുംബത്തിലെ മൂന്നു പേരെ സമാന രീതിയിൽ കൊലപ്പെടുത്തിയ ഇയാൾ ജാമ്യത്തിൽ ഇറങ്ങിയാണ് തിരുവനന്തപുരത്തെ ഹോട്ടലിൽ ജോലിക്ക് എത്തിയത്. സിറ്റി പൊലീസ് കമ്മീഷണർ ആയിരുന്ന ജീസസ് സർജൻ കുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം നടന്നത്.
