ലഹരി പരിശോധിക്കാനെത്തിയ എക്‌സൈസ് ഇന്‍സ്‌പെക്ടറെ കാറിടിപ്പിക്കാന്‍ ശ്രമം; സൈഡിലേക്ക് ചാടി മാറി ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടു

1 min read
SHARE

കൊല്ലം കല്ലുംതാഴത്ത് എക്‌സൈസ് ഇന്‍സ്‌പെക്ടറെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം. വാഹനവുമായി രക്ഷപ്പെട്ടയാള്‍ വഴിയില്‍ കാര്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. വാഹനത്തില്‍ നിന്ന് നാല് ഗ്രാം എംഡിഎംഎ എക്‌സൈസ് പിടിച്ചെടുത്തു.

കിളിക്കൊല്ലൂര്‍ കല്ലും താഴം ഭാഗത്ത് ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. കാറില്‍ ലഹരിക്കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.വാഹനം തടഞ്ഞ് പരിശോധിക്കാന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദീലീപ് എത്തിയപ്പോള്‍ ഡ്രൈവര്‍ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ ഉടന്‍ സൈഡിലേക്ക് മാറി രക്ഷപ്പെട്ടു.ഉടന്‍ തന്നെ എക്‌സൈസ് സംഘം അതിവേഗം പായുന്ന കാറിനെ പിന്തുടര്‍ന്നു. മാമ്പുഴയില്‍ വച്ച് കാര്‍ വഴിയില്‍ ഉപേക്ഷിച്ച് അക്രമി ഓടിരക്ഷപ്പെടുകയായിരുന്നു. കാറില്‍ നാല് ഗ്രാം എംഡിഎംഎയാണ് ഉണ്ടായിരുന്നത്. എന്നാല്‍ കൂടുതല്‍ അളവില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമം നടന്നിരുവെന്നാണ് എക്‌സൈസ് നിഗമനം. പാരിപ്പള്ളിയില്‍ നിന്ന് പുറപ്പെട്ട കാറാണിതെന്നാണ് എക്‌സൈസിന് ലഭിച്ച വിവരം. സംഭവത്തില്‍ ആര്‍സി ഉടമയ്‌ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.