പണം ലാഭിച്ച് പൗരൻമാരെ കൊലയ്ക്ക് കൊടുക്കുകയാണോ നിങ്ങൾ ? സേനയിൽ 1,80,000ത്തോളം സൈനികരുടെ കുറവ്’; ചർച്ചയായി മുൻ മേജർ ജനറൽ ജി.ഡി ബക്ഷിയുടെ പ്രതികരണം
1 min read

പഹൽഗാം ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ നിന്നും ഇന്നും ഒരു ഇന്ത്യക്കാരനും മുക്തി നേടിയിട്ടില്ല. സന്തോഷം മാത്രം നിരന്നു നിന്നിരുന്ന താഴ്വരകൾ ചോരക്കളമാക്കി മാറ്റിയ ഭീകരാക്രമണത്തിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ഇതോടെ ഇവിടെ ആർക്കാണ് പിഴച്ചത് എന്ന ചർച്ചകളും പുരോഗമിക്കുന്നുണ്ട്. കശ്മീരിലെ ദുർബലമായ സുരക്ഷാ സംവിധാനത്തെയാണ് പലരും പ്രതിക്കൂട്ടിലാക്കുന്നത്. ഈ ആക്രമണം സാധാരണക്കാർക്കും വിനോദസഞ്ചാരികൾക്കും ഇടയിൽ പരിഭ്രാന്തി പരത്തുക മാത്രമല്ല, വിരമിച്ച സൈനിക ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അമർഷം ഉളവാക്കുകയും ചെയ്തു. ഇതിനിടെ ആണ് മുൻ മേജർ ജനറലും പ്രതിരോധ വിദഗ്ദ്ധനുമായ ജി.ഡി ബക്ഷിയുടെ പ്രതികരണവും ചർച്ചയായി മാറുന്നത്. കോവിഡിന് ശേഷമുള്ള ഇന്ത്യൻ ആർമി റിക്രൂട്മെന്റിനെ സംബന്ധിച്ചുള്ള നിർണായക വിവരങ്ങളോട് കൂടിയാണ് അദ്ദേഹം പഹൽഗാമിൽ ഉണ്ടായ സുരക്ഷ വീഴ്ചയെ എടുത്ത് കാണിക്കുന്നത്.
“1,80,000ത്തോളം സൈനികരുടെ കുറവ് ഇപ്പോഴും സേനയിലുണ്ട്. പണം ലാഭിച്ച് പൗരൻമാരെ കൊലക്ക് കൊടുക്കുകയാണോ നിങ്ങൾ? മൂന്നുവർഷം കശ്‌മീരിൽ പോരാടിയ ആളാണ് ഞാൻ. ആ ഏരിയ മുഴുവൻ നമ്മുടെ നിയന്ത്രണത്തിലായിരുന്നു. ഇപ്പോഴോ, അവിടെ ആവശ്യം വേണ്ട സൈനികരെ രണ്ടു സെക്ടറുകളിലായി വിഭജിച്ചിരിക്കുന്നു. അവിടങ്ങളിൽ സൈനികശക്തി അത്രയൊന്നും വേണ്ടെന്ന് ആർക്കൊക്കെയോ തോന്നിയതിന്റെ ഫലമാണിത്. ആരുടെ ബുദ്ധിയാണിത് ? അദ്ദേഹം ചോദിച്ചു. പഹൽഗാം ആക്രമണത്തെ തുടർന്നുള്ള റിപ്പബ്ലിക്ക് ചാനൽ ചർച്ചയിൽ ആണ് അദ്ദേഹത്തിന്റെ പ്രതികരണം ഉണ്ടായത്. നിലവിൽ പഹൽഗാമിലെയും സമീപ പ്രദേശങ്ങളിലെയും സുരക്ഷ പ്രശനങ്ങൾ വിലയിരുത്തുമ്പോൾ ജി.ഡി ബക്ഷിയുടെ പ്രതികരണം പ്രധാനപ്പെട്ട ചില മേഖലയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നുണ്ട്.
അതേസമയം ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. സ്ഥിതിഗതികൾ കൂടുതൽ വഷളാക്കരുത്. പ്രശ്നങ്ങൾ സമാധാനന്തരീക്ഷത്തിൽ പരിഹരിക്കണമെന്നും സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അറിയിച്ചു.
