മുംബൈയില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് നിരോധനം?; വായു ഗുണനിലവാരം മെച്ചപ്പെടുത്താന്‍ പ്രത്യേക സമിതി
1 min read

മുംബൈയിലെ ഗതാഗതക്കുരുക്കും വര്‍ധിച്ചുവരുന്ന മലിനീകരണവും വലിയ ചര്‍ച്ചയാകുന്നതിനിടെ, കടുത്ത ആശങ്കകള്‍ പ്രകടിപ്പിച്ച് ബോംബെ ഹൈക്കോടതിയും. ജനുവരി 9-ന് സ്വമേധയാ പൊതുതാത്പര്യ ഹര്‍ജി കേള്‍ക്കുന്നതിനിടെയായിരുന്നു ഇത്. മുംബൈ മെട്രോപൊളിറ്റന്‍ മേഖലയില്‍ (എംഎംഎ) പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഏഴംഗ കമ്മിറ്റി രൂപീകരിച്ചു.
ജനുവരി 22-ന് പുറപ്പെടുവിച്ച പ്രമേയം അനുസരിച്ച് മൂന്ന് മാസത്തിനകം പഠനം നടത്തി കണ്ടെത്തലുകള്‍ സമര്‍പ്പിക്കാനാണ് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ സുധീര്‍ കുമാര്‍ ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തിയത്. മഹാരാഷ്ട്ര ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, മുംബൈ ജോയിന്റ് പൊലീസ് കമ്മീഷണര്‍ (ട്രാഫിക്), മഹാനഗര്‍ ഗ്യാസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍, മഹാരാഷ്ട്ര സ്റ്റേറ്റ് പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി ലിമിറ്റഡിന്റെ (മഹാവിതരണ്‍) പ്രോജക്ട് മാനേജര്‍, സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (മഹാവിതരൺ) എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. സിയാം, ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ (എന്‍ഫോഴ്സ്മെന്റ്-1) സെക്രട്ടറിയായി പ്രവര്‍ത്തിക്കും.
പ്രസക്തമായ മേഖലകളിലെ വിദഗ്ധരെ ക്ഷണിക്കാനും അവരുടെ അഭിപ്രായം തേടാനും കമ്മിറ്റിക്ക് അധികാരമുണ്ട്. മുംബൈ മെട്രോപൊളിറ്റന്‍ റീജ്യണിൽ (എംഎംആര്‍) സമീപ ജില്ലകളായ താനെ, റായ്ഗഡ്, പാല്‍ഘര്‍ എന്നിവിടങ്ങളിലെ പ്രദേശങ്ങളും ഉള്‍പ്പെടുന്നു. മുംബൈയിലെ വര്‍ധിച്ചുവരുന്ന മലിനീകരണത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച ബോംബെ ഹൈക്കോടതി, ജീവിത നിലവാരം, പരിസ്ഥിതി, സുസ്ഥിരത എന്നിവയില്‍ അവയുടെ പ്രതികൂലഫലങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു. വാഹനങ്ങളുടെ പുറന്തള്ളല്‍ അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന ഉറവിടമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, മുംബൈയിലെ ഗതാഗതവും മലിനീകരണവും നിയന്ത്രിക്കുന്നതിനുള്ള നിലവിലെ നടപടികള്‍ അപര്യാപ്തമാണെന്ന് വിമര്‍ശിച്ചു.
ഇതിന് മറുപടിയായി, സിഎന്‍ജി, ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം അനുവദിക്കുന്ന എംഎംആറില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിന്റെ സാധ്യതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമിതിക്ക് രൂപം നല്‍കിയെന്ന് കോടതിയെ ബോധിപ്പിച്ചു. മുംബൈയിലെ റോഡുകളില്‍ നിറയുന്ന വാഹനങ്ങളാണ് നഗരത്തിലെ വായുവിന്റെ ഗുണനിലവാരം കുറയുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നതെന്നും പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഘട്ടംഘട്ടമായി നിര്‍ത്തുന്നത് ഉചിതമാണോ അതോ പ്രായോഗികമാണോ എന്ന് സമഗ്രമായി വിലയിരുത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. സമിതിയുടെ പഠനം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
