ട്രക്കിങ്ങിന് പോയി കുടുങ്ങിയ ശരണ്യയുടെ അതിജീവന കഥ വ്യാജമെന്ന് ബിജെപി; പൊലീസില്‍ പരാതി.

ബെംഗളൂരു: കുടകിലെ തടിയന്‍ഡമോളില്‍ ട്രക്കിങ്ങിന് പോയി കാണാതായ മലയാളി യുവതി ശരണ്യയ്‌ക്കെതിരെ പരാതിയുമായി ബിജെപി. ശരണ്യയുടെ അതിജീവന കഥ വ്യാജമാണെന്ന ആരോപണവുമായി ബിജെപി കുടക് റൂറല്‍ യൂണിറ്റ് കമ്മിറ്റിയാണ് രംഗത്തെത്തിയത്. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കമ്മിറ്റി പൊലീസിന് പരാതി നല്‍കിയത്.
നാല് ദിവസത്തെ തിരച്ചിലിന് ഒടുവില്‍ ഏപ്രില്‍ അഞ്ചാം തീയതിയായിരുന്നു ശരണ്യയെ കണ്ടെത്തിയത്. കാടിന്റെ ഉള്‍ഭാഗത്ത് നടത്തിയ തിരച്ചിലില്‍ ആയിരുന്നു ശരണ്യയെ കണ്ടെത്താനായത്. വഴിതെറ്റിപ്പോയതോടെയാണ് കാട്ടില്‍ കുടുങ്ങിയതെന്നായിരുന്നു ശരണ്യ പ്രതികരിച്ചത്. ഒരു പാറയുടെ മുകളിലായിരുന്നു കഴിഞ്ഞുകൂടിയതെന്നും പ്രദേശത്ത് ആനയുടെ സാന്നിധ്യമുണ്ടെന്നാണ് മനസിലാക്കിയതെന്നും ശരണ്യ പറഞ്ഞിരുന്നു. ശരണ്യ കുടുങ്ങിയ പ്രദേശത്ത് ആനയുടെ സാന്നിധ്യമുണ്ടെന്ന് രക്ഷാദൗത്യത്തില്‍പ്പെട്ട ആളുകളും പറഞ്ഞിരുന്നു.
ഏപ്രില്‍ രണ്ടാം തീയതി വ്യാഴാഴ്ചയാണ് ശരണ്യയെ കാണാതായത്. വ്യാഴാഴ്ച രാവിലെ വനംവകുപ്പില്‍ നിന്ന് അനുമതി വാങ്ങിയ ശേഷമായിരുന്നു ശരണ്യ ഉള്‍പ്പെട്ട സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. എന്നാല്‍ ഇതിനിടെ ശരണ്യയെ കാണാതാകുകയായിരുന്നു. ശരണ്യയെ കണ്ടെത്തുന്നതിന് ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിരുന്നു. ശരണ്യക്കായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ഇടപെടല്‍ നടത്തിയിരുന്നു. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ആളായിരുന്നു ശരണ്യ.ട്രക്കിങ്ങിനായായിരുന്നു ശരണ്യ കുടകില്‍ എത്തിയത്. കുടകിലെ ഒരു ഹോം സ്റ്റേയിലായിരുന്നു താമസിച്ചിരുന്നത്. ഒറ്റയ്ക്ക് ട്രക്കിങ്ങ് നടത്തായിരുന്നു ശരണ്യക്ക് താത്പര്യം. ഇക്കാര്യം ഹോം സ്റ്റേ അധികൃതരോട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് അനുമതിയില്ലാത്തതിനാല്‍ ഹോം സ്റ്റേയില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്കൊപ്പം ചേരുകയായിരുന്നു. ശരണ്യയ്ക്കൊപ്പം ഒന്‍പത് പേരായിരുന്നു യാത്ര പുറപ്പെട്ടത്.

