ചെമ്പേരി മേള – ‘ഒറോത ഫെസ്റ്റ് ‘: വിളംബര റാലി നടത്തി
1 min read
ചെമ്പേരി: 2025 ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെ നടക്കുന്ന ചെമ്പേരി കാർഷിക മേള ‘ഒറോത ഫെസ്റ്റി’ന് മുന്നോടിയായി നൂറോളം വൈഎംസിഎ പ്രവർത്തകരും അൻപതോളം വാഹനങ്ങളും അണിനിരന്ന വിളംബര റാലി സംഘടിപ്പിച്ചു. മനോഹരമായി നിർമിച്ച പുൽക്കൂടിന്റെയും കുട്ടികളുടെ നേതൃത്വത്തിലുള്ള ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ചെമ്പേരി ലൂർദ് മാതാ ബസിലിക്ക മൈതാനിയിൽ നിന്നാരംഭിച്ച റാലി ചെമ്പേരി വൈഎംസിഎ പ്രസിഡന്റ് ജോമി ജോസ് ചാലിൽ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് എരുവേശി, പൂപ്പറമ്പ്, നെല്ലിക്കുറ്റി, ചളിമ്പറമ്പ്, കുടിയാന്മല എന്നീ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് വൈകുന്നേരം ചെമ്പേരി ടൗണിൽ എത്തിച്ചേർന്നു. ഓരോ കേന്ദ്രങ്ങളിലും കുട്ടികൾ അവതരിപ്പിച്ച മനോഹരമായ കരോൾ ഗാനങ്ങളും, വൈഎംസിഎ റീജണൽ ട്രെയിനിംഗ് കോ ഓർഡിനേറ്റർ ജോസ് മേമടം, ചെമ്പേരി വൈഎംസിഎ മുൻ പ്രസിഡന്റും പ്രോഗ്രാം കോ ഓർഡിനേറ്ററുമായ ഷൈബി കുഴിവേലിപ്പുറം എന്നിവരുടെ ലഘു ക്രിസ്മസ് സന്ദേശവും ഉണ്ടായിരുന്നു. ഒറോത ഫെസ്റ്റ് കൺവീനർ മണിക്കടവ് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷാജി വർഗീസ് കളപ്പുരയ്ക്കൽ ഫെസ്റ്റിന് നാട്ടുകാരുടെ പിന്തുണ അഭ്യർത്ഥിച്ച് പ്രസംഗിച്ചു. പ്രോഗ്രാം ഡയറക്ടർ സിബി പിണക്കാട്ട്, ബിജു തയ്യിൽ എന്നിവർ വിളംബര റാലിക്ക് നേതൃത്വം നൽകി. റാലി ചെമ്പേരിയിൽ എത്തിച്ചേർന്ന ശേഷം നടന്ന പൊതുസമ്മേളനം ചെമ്പേരി ലൂർദ് മാതാ ബസിലിക്ക അസിസ്റ്റൻ്റ് റെക്ടർ ഫാ.അമൽ ചെമ്പകശേരി ഉദ്ഘാടനം ചെയ്ത് ക്രിസ്മസ് സന്ദേശം നൽകി. വൈഎംസിഎ പ്രസിഡൻ്റ് ജോമി ജോസ് ചാലിൽ അധ്യക്ഷത വഹിച്ചു. ചെമ്പേരിയിലെ പ്രാദേശിക കലാകാരന്മാരും കുട്ടികളും ചേർന്ന് അവതരിപ്പിച്ച കരോൾ ഗാന സന്ധ്യയും ചെമ്പേരി ബേക്കിംഗ് ആശീർവാദ്, റീഗൽ ബേക്കറി എന്നിവർ സ്പോൺസർ ചെയ്ത ക്രിസ്മസ് കേക്ക് വിതരണവും നടന്നു.
റിപ്പോർട്ട്: തോമസ് അയ്യങ്കനാൽ
