July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 4, 2025

വൃത്തി- 2025 നാഷണല്‍ കോണ്‍ക്ലേവ്: ലോഗോ, വെബ് സൈറ്റ്, ബ്രോഷര്‍ പ്രകാശനം മന്ത്രി എം ബി രാജേഷ് നിര്‍വ്വഹിച്ചു

1 min read
SHARE

 

മാലിന്യ സംസ്‌കരണ രംഗത്തെ മികച്ച മാതൃകകളും പുതിയ സാങ്കേതിക വിദ്യകളും ദേശീയ-അന്തര്‍ദേശീയ തലങ്ങളിലെ പുതുസംരംഭങ്ങളും ആശയങ്ങളും പങ്കുവെക്കുന്നതായി സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന വൃത്തി- 2025 നാഷണല്‍ കോണ്‍ക്ലേവിന്റെ ലോഗോ, വെബ്‌സൈറ്റ്, ബ്രോഷര്‍ എന്നിവയുടെ പ്രകാശനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വ്വഹിച്ചു. മാലിന്യമുക്ത നവകേരളം പദ്ധതി അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ വലിയ പുരോഗതിയും മാറ്റങ്ങളും സമൂഹത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പൊതുസ്ഥലങ്ങളിലെ ശുചിത്വത്തിനാണ് ഇനി അടിയന്തര ശ്രദ്ധകൊടുക്കേണ്ടത്. വലിച്ചെറിയല്‍ നിയന്ത്രിച്ചാല്‍ മാത്രമേ പദ്ധതിയുടെ ഉദ്ദേശലക്ഷ്യം പൂര്‍ണമായും കൈവരിക്കാനാകൂ. മാലിന്യമുക്ത നവകേരളം ക്യാമ്പയിനിലൂടെ കേരളം സൃഷ്ടിച്ച തനതായ മാതൃകകളെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള വേദിയാകും വൃത്തി- 2025 എന്നും മന്ത്രി പറഞ്ഞു. ഏപ്രില്‍ ഒമ്പത് മുതല്‍ 13 വരെ തിരുവനന്തപുരത്താണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് വാര്‍ഡ് തലംമുതല്‍ സംസ്ഥാനതലം വരെ ശുചിത്വ സംഗമങ്ങളും വിവിധ മത്സരങ്ങളും മറ്റു പരിപാടികളും നടത്തുന്നുണ്ട്. മാലിന്യസംസ്‌കരണ രംഗത്തെ നേട്ടങ്ങളെ സമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കുക, ശുചിത്വമാലിന്യ സംസ്‌കരണ രംഗങ്ങളിലെ പുതിയ വെല്ലുവിളികളെ അഭിസംബോധന ചെയ്യുക, ശരിയായ ശുചിത്വമാലിന്യ സംസ്‌കരണ രീതികള്‍ ജനങ്ങളുടെ ജീവിതശൈലിയും സംസ്‌കാരവുമാക്കി മാറ്റുന്നതിനുള്ള അവബോധം സൃഷ്ടിക്കുക, മാലിന്യ സംരംഭങ്ങളിലൂടെ സര്‍ക്കുലര്‍ ഇക്കോണമിയെ ശക്തിപ്പെടുത്തുക എന്നിവയാണ് കോണ്‍ക്ലേവിന്റെ പൊതു ലക്ഷ്യങ്ങള്‍. പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യു.വി ജോസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എം സുനില്‍കുമാര്‍, ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.