മണിപ്പൂരില്‍ വര്‍ഗീയ കലാപം തുടരുന്നു: സുരക്ഷാസേനയുടെ വെടിവയ്പ്പില്‍ കുക്കി വനിത കൊല്ലപ്പെട്ടു

1 min read
SHARE

വര്‍ഗീയ കലാപം തുടരുന്ന മണിപ്പൂരില്‍ സുരക്ഷാസേനയുടെ വെടിവയ്പ്പില്‍ കുക്കി വനിത കൊല്ലപ്പെട്ടു. ചുരാചന്ദ്പൂര്‍ ജില്ലയിലാണ് സംഭവം. മെയ്‌തെയ് കര്‍ഷകന് നേരെയുണ്ടായ ആക്രമണത്തില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് കുക്കികള്‍ക്ക് നേരെ സുരക്ഷാസേന വെടിയുതിര്‍ത്തത്. സംഭവത്തിന് പിന്നാലെ മണിപ്പൂരില്‍ ഇരുവിഭാഗങ്ങളുടെയും പ്രതിഷേധം ശക്തമാകുന്നു.

മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയില്‍ മെയ്‌തേയ് കര്‍ഷകനു വെടിയേറ്റതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് സുരക്ഷാസേന കുക്കികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. മെയ്‌തെയ് കര്‍ഷകന് നേരെ ആക്രമണം നടത്തിയതിന് കുക്കികളാണെന്ന് മെയ്‌തെയ് വിഭാഗം ആരോപിച്ചു. തുടര്‍ന്ന് ചുരാചന്ദ് പൂരിലുണ്ടായ സുരക്ഷാ സേനയുടെ വെടിവെപ്പില്‍ കുക്കി വനിത കൊല്ലപ്പെട്ടു.

മണിപ്പൂരിലെ വിവിധ ജില്ലകളില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമാണ്. കൂടുതല്‍ കേന്ദ്രസേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ന്യൂനപക്ഷമായ കുക്കികള്‍ക്ക് നേരെ ഏകപക്ഷീയമായ ആക്രമണം തുടരുകയാണെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു.. സംസ്ഥാനത്ത് ക്രമസമാധാനം പുനസ്ഥാപിക്കുക, അക്രമികള്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കുക, ബഫര്‍ സോണുകളിലെ നിയമലംഘനങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച കുക്കീ സംഘടനകള്‍ അനിശ്ചിതകാല ബന്ദ് പ്രഖ്യാപിച്ചു.

അതേസമയം സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ തുടരുന്ന മൗനത്തില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. വര്‍ഗീയ കലാപം രൂക്ഷമായിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂര്‍ സന്ദര്‍ശിക്കാത്തതിലും ആക്ഷേപം ശക്തമാണ്.