കമിതാക്കളും മയക്കുമരുന്ന് മാഫിയയും ശല്യമാകുന്നുവെന്ന് പരാതി; ‘പ്രേമം പാലം’ അടച്ചു

1 min read
SHARE

ആലുവ: പ്രേമം സിനിമയിലൂടെ പ്രശസ്തമായ ‘പ്രേമം പാലം’ അടച്ചു. സാമൂഹ്യ വിരുദ്ധരും മയക്കുമരുന്ന് മാഫിയയും തമ്പടിച്ചതോടെയാണ് ആലുവയിലെ അക്വാഡക്ട് പാലം അടച്ചത്. പെരിയാർവാലി ജലസേചന പദ്ധതിയുടെ നീർപാലമായ ഇതലൂടെയുള്ള സഞ്ചാരം പെരിയാർവാലി അധികൃതരാണ് തടഞ്ഞത്. പാലത്തിലേക്ക് കയറുന്ന വഴികളെല്ലാം അടച്ചുകൊണ്ട് ഇരുമ്പ് ഗ്രില്ലുകൾ സ്ഥാപിക്കുകയും ചെയ്തു. പാലത്തിൽ സാമൂഹ്യവിരുദ്ധരുടെയും മയക്കുമരുന്ന് മാഫിയയുടെയും സാന്നിധ്യം സമീപപ്രദേശങ്ങളിലെ ജനങ്ങൾക്ക് ശല്യമായി മാറിയിരുന്നു. ഇതുമൂലം പ്രദേശവാസികളുടെ അഭ്യർഥനപ്രകാരമാണ് പാലം ശനിയാഴ്ച അടച്ചത്. കമിതാക്കളുടെയും മയക്കുമരുന്ന് മാഫിയയുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം വർധിക്കുന്നുവെന്നും പാലം അടയ്ക്കണമെന്നും ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ ടിന്റു രാജേഷ് നവകേരളസദസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ആലുവ മാർക്കറ്റിന് പിറകുവശത്ത് നിന്ന് പെരിയാറിന് മുകളിലൂടെയാണ് പാലം തുടങ്ങുന്നത്. പുഴകഴിഞ്ഞും കുഞ്ഞുണ്ണിക്കര, തോട്ടക്കാട്ടുകര പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന നീർപാലം താഴ്ഭാഗത്തെ കനാലിൽ എത്തും. 50 വർഷം മുൻപ് പറവൂർ, ആലങ്ങാട് മേഖലകളിലേക്ക് പെരിയാർ വാലി കനാലിൽ നിന്ന് കൃഷിക്ക് വെള്ളം കൊണ്ടുപോകാൻ വേണ്ടിയാണ് നീർപാലം നിർമിച്ചത്. പിന്നീട് ഉളിയന്നൂർ കുഞ്ഞുണ്ണിക്കര ദ്വീപിലെ വാഹന സൗകര്യത്തിനു വേണ്ടി ചില മാറ്റങ്ങൾ വരുത്തി ഇതിലേ വാഹന സൗകര്യം ആരംഭിച്ചു. വർഷങ്ങൾക്കുശേഷം ഉളിയന്നൂരിൽ പുതിയ പാലം നിർമിച്ചതോടെ ഇതുവഴിയുള്ള സഞ്ചാരം കുറഞ്ഞു. അൽഫോൻസ് പുത്രന്‍റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി 2015-ൽ പുറത്തിറങ്ങിയ ‘പ്രേമം’ സിനിമയിൽ ഈ പാലം പശ്ചാത്തലമായതോടെയാണ് വീണ്ടും ശ്രദ്ധിക്കപ്പെട്ടത്.