പ്രിയങ്ക ഗാന്ധിക്ക് സുപ്രധാന പദവി നല്‍കാന്‍ കോണ്‍ഗ്രസ്?; പ്രഖ്യാപനം ഉടനെ തന്നെയുണ്ടായേക്കും
1 min read

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളെ നേരത്തെ നേരിട്ടത് പോലെ ഇനി നേരിട്ടാല്‍ പോരാ എന്ന ആലോചനയിലാണ് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പുകള്‍ അധികം ഇല്ലാത്ത ഈ വര്‍ഷം സംഘടന സംവിധാനം മെച്ചപ്പെടുത്തുന്നതിനും തിരഞ്ഞെടുപ്പില്‍ ഇടപെടുന്നതിലെ പാളിച്ചകള്‍ പരിഹരിക്കുന്നതിനുമാണ് ആലോചിച്ചിരിക്കുന്നത്.ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പുകളിലെ പ്രകടനം മെച്ചപ്പെടുത്താന്‍ ഒരു തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പോരാട്ടങ്ങളില്‍ എങ്ങനെ ഇടപെടണം എന്ന കാര്യം തീരുമാനിക്കാനാണ് ഈ സമിതി. സീറ്റ് വിതരണം, പ്രചരണം, സഖ്യ രൂപീകരണം എന്നിവയെല്ലാം ഈ സമിതിയുടെ മേല്‍നോട്ടത്തിലാണ് നടക്കുക.
ഈ വര്‍ഷം നടക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കൃഷ്ണ അല്ലവരുവിന് സംസ്ഥാനത്തിന്റെ സംഘടന ഉത്തരവാദിത്തം നല്‍കിയിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ബംഗാള്‍, കേരളം, തമിഴ്‌നാട് തിരഞ്ഞെടുപ്പുകളിലാണ് പുതുതായി രൂപീകരിക്കുന്ന സമിതി ഇടപെടുക.ഈ സമിതിയെ ആര് നയിക്കും എന്ന ചോദ്യം ഇപ്പോള്‍ തന്നെ ഡല്‍ഹിയില്‍ ഉയര്‍ന്നു കഴിഞ്ഞു. പ്രിയങ്ക ഗാന്ധിയ്ക്ക് ഈ ചുമതല നല്‍കാനുള്ള സാധ്യത ഏറെയാണെന്നാണ് വിവരം. പ്രിയങ്കക്ക് ചുമതല നല്‍കണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു.സീറ്റ് വിതരണത്തിലും സഖ്യ രൂപീകരണത്തിലും മികച്ച രീതിയില്‍ ഇടപെടാന്‍ പ്രിയങ്കക്ക് കഴിയുമെന്നാണ് അവരുടെ വാദം. നേരത്തെ പല ജനറല്‍ സെക്രട്ടറിമാരും ഇക്കാര്യത്തില്‍ വലിയ വീഴ്ച വരുത്തിയെന്ന് ആരോപണങ്ങളുണ്ടായിരുന്നു. അടുത്തിടെ കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി പ്രിയങ്ക രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു.
