തപാല്‍ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തല്‍: ജി സുധാകരനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം

1 min read
SHARE

പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേട് കാണിച്ചെന്ന മുന്‍ മന്ത്രി ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആലപ്പുഴ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിര്‍ദേശം. ഗുരുതരമായ നിയമ ലംഘനമാണ് നടന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

1989-ലെ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് തപാല്‍ വോട്ടില്‍ കൃത്രിമത്വം കാണിച്ചതായി വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായാണ് രാജ്യത്ത് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതെന്നു ജനപ്രാതിനിധ്യ നിയമം, തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍, ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ എന്നിവയ്ക്ക് വിധേയമായാണ് തിരഞ്ഞെടുപ്പുകള്‍ നടക്കുന്നതെന്നും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തല്‍ വരുത്തി എന്നത് 1951-ലെ ജനപ്രാതിനിധ്യ നിയമം 136, 128 ഉള്‍പ്പെടെയുള്ള വകുപ്പുകളും 1961-ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങളും ഭാരതീയ ന്യായ സംഹിത/ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും അനുസരിച്ച് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

തപാല്‍ വോട്ടില്‍ കൃത്രിമത്വം വരുത്തി തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുവാന്‍ ശ്രമിച്ചതായ വെളിപ്പെടുത്തലിന്മേല്‍ എഫ്.ഐ.ആര്‍ ഇട്ട് കേസ് എടുക്കുവാനും വിശദമായ അന്വേഷണം നടത്തുവാനും വേണ്ട അടിയന്തര നടപടി സ്വീകരിക്കുന്നതിനുമാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

ആലപ്പുഴയില്‍ കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് താനുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് 36 വര്‍ഷം മുന്‍പ് നടത്തിയ തിരഞ്ഞെടുപ്പ് കൃത്രിമത്തെപ്പറ്റിയുള്ള ജി സുധാകരന്റെ വെളിപ്പെടുത്തല്‍. 1989 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജടതു സ്ഥാനാര്‍ഥിയായി കെ.വി.ദേവദാസ് ആലപ്പുഴയില്‍ മത്സരിച്ചപ്പോള്‍ ഇലക്ഷന്‍ കമ്മിറ്റിയുടെ സെക്രട്ടറി ജി സുധാകരന്‍ ആയിരുന്നു. അന്ന് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ വച്ച് താന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നു പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്നായിരുന്നു ജി സുധാകരന്റെ വെളിപ്പെടുത്തല്‍.

വക്കം പുരുഷോത്തമനെതിരെയാണ് അന്നു ദേവദാസ് മത്സരിച്ചത്. കാല്‍ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വക്കം അന്ന് വിജയിച്ചത്. എന്നാല്‍ തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്നാണ് ജി സുധാകരന്റെ വിശദീകരണം. സുധാകരന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കാന്‍ സിപിഐഎം ആലപ്പുഴ നേതൃത്വവും തയ്യാറായിട്ടില്ല.