കാര്യങ്ങൾ എല്ലാം പെട്ടെന്ന് മറന്നുപോകുന്ന പ്രശ്നമുണ്ടോ ? രാത്രിയിൽ ഈ കാര്യങ്ങൾ ഒഴിവാക്കി നോക്കൂ; അൽസ്ഹൈമേഴ്സ് തടയാം
1 min read

കാര്യങ്ങൾ എല്ലാം പെട്ടെന്ന് മറന്നു പോകുന്ന പ്രശ്നമുണ്ടോ? പ്രായം, പാരമ്പര്യം തുടങ്ങി വിവിധ കാരണങ്ങൾ ഈ മറവിക്ക് കാരണമാകാം. എന്നാൽ ഇതോടൊപ്പം നമ്മുടെ ദിവസേനയുള്ള ശീലങ്ങൾ ഓർമശക്തിയെ സ്വാധീനിക്കുന്നവയാണ്.
മറവി രോഗത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ് അൽസ്ഹൈമേഴ്സ്. തലച്ചോറിലെ കോശങ്ങളെ ഇത് കാലക്രമേണ നശിപ്പിക്കുന്നു. തലച്ചോർ ക്രമേണ ചുരുങ്ങുകയും ചെയ്യുന്നു. മറവി, പ്രത്യേകിച്ച് അടുത്തിടെ നടന്ന സംഭവങ്ങളും സംഭാഷണങ്ങളും മറന്നു പോകുന്നതാണ് അൽസ്ഹൈമേഴ്സിന്റെ പ്രാരംഭ ലക്ഷണം. വൈകുന്നേരത്തെ ശീലങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും വിദഗ്ധർ പറയുന്നു. ഉറക്കക്കുറവും ചില ഭക്ഷണശീലങ്ങളും ഇതിൽ പ്രധാനപ്പെട്ടവയാണ്. അതുകൊണ്ട് തന്നെ വൈകുന്നേരങ്ങളിലെയും രാത്രിയിലെയും ശീലങ്ങളിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തുന്നത് ഓർമ്മക്കുറവിന് പരിഹാരമാകും.കിടക്കാൻ പോകും മുൻപ് മധുരപാനീയങ്ങൾ കുടിക്കുന്നതും ഹെവി ആയ ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കിയാൽ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുകയും അൽസ്ഹൈമേഴ്സ് സാധ്യത കുറയുകയും ചെയ്യും. നല്ല ഉറക്കം ലഭിക്കാനും തലച്ചോറിന്റെ ആരോഗ്യത്തിനും രാത്രിഭക്ഷണം ഉറങ്ങാൻ കിടക്കുന്നതിന് 2 ഓ 3 ഓ മണിക്കൂർ മുൻപെയെങ്കിലും കഴിക്കാൻ ശ്രദ്ധിക്കണം. ആഴ്ചയിൽ ഏഴുതവണ മധുരപാനീയങ്ങൾ കുടിക്കുന്നത് ഡിമൻഷ്യ അഥവാ മറവിരോഗത്തിനുള്ള സാധ്യത കൂട്ടുമെന്ന് പഠനങ്ങൾ പറയുന്നു. അതുകൊണ്ട് തലച്ചോറിന്റെ ആരോഗ്യത്തിന് മധുരപാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.സോഡിയത്തിന്റെ അളവ് കൂടുന്നത് അൽസ്ഹൈമേഴ്സ് രോഗം വരാനുള്ള സാധ്യത കൂട്ടും. ശരീരത്തിലെത്തുന്ന സോഡിയത്തിന്റെ അളവ് കുറയ്ക്കാൻ സോഡിയം ധാരാളമടങ്ങിയ പ്രോസസ് ചെയ്ത ലഘുഭക്ഷണങ്ങൾ, ടിന്നിൽ അടച്ച സൂപ്പുകൾ, ഫ്രോസൻ ഡിന്നറുകൾ തുടങ്ങിയവ ഒഴിവാക്കുന്നതാവും നന്നാവുക.
ഉറങ്ങുന്നതിനു തൊട്ടുമുൻപ് കഫീൻ ഉപയോഗിക്കുന്നതും ഉറക്കത്തെ ഇല്ലാതാക്കും. കിടക്കുന്നതിന് കുറഞ്ഞത് എട്ടു മണിക്കൂർ മുൻപെങ്കിലും കാപ്പി കുടിക്കുന്നത് ഒഴിവാക്കണം. കഫീൻ കൂടുതലടങ്ങിയ സപ്ലിമെന്റുകൾ ഉറങ്ങുന്നതിന് കുറഞ്ഞത് 13 മണിക്കൂർ മുൻപെങ്കിലും ഒഴിവാക്കണം.
കിടക്കുന്നതിനു മുൻപ് ആൽക്കഹോൾ ഉപയോഗിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തും. മെലാടോണിന്റെ ഉൽപാദനത്തെ ആൽക്കഹോൾ തടസ്സപ്പെടുത്തും. ഇത് ഉറക്കക്കുറവിനും ഉറക്കം തടസ്സപ്പെടാനും രാത്രിയിൽ ഇടയ്ക്കിടെ ഉണരാനും കാരണമാകും.
