ഡോ. ഷഹനയുടെ ആത്മഹത്യ; വനിതാ ശിശു വികസന വകുപ്പ് റിപ്പോർട്ട്‌ ഇന്ന്, ശേഷം നടപടിയെന്ന് മന്ത്രി വീണ ജോർജ്

1 min read
SHARE

തിരുവനന്തപുരം: തിരുവനന്തപുരത്തെ പിജി ഡോക്ടറായ ഷഹനയുടെ ആത്മഹത്യയിൽ വനിതാ ശിശു വികസന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്‌ ഇന്ന് ലഭിക്കുമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. സ്ത്രീധനം ഒരിക്കലും പ്രോത്സാഹിപ്പിക്കാനാകില്ല. സർക്കാർ ഗൗരവത്തോടെയാണ്‌ വിഷയം കാണുന്നത്. റിപ്പോർട്ട്‌ ലഭിച്ച ശേഷം ശക്തമായ നടപടി എടുക്കുമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. ഡോ ഷഹനയുടെ മരണത്തിൽ വ്യാപകമായ വിമർശനം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം നടന്നത്. അതേസമയം, ഷഹനയുടെ മരണത്തിൽ ആരോപണ വിധേയനായ ഡോ റുവൈസ് പിടിയിലായി. മുൻകൂർ ജാമ്യത്തിനുള്ള നീക്കത്തിനിടയിലാണ് റുവൈസിനെ കൊല്ലം കരുനാ​ഗപ്പള്ളിയിലെ ബന്ധുവിന്റെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഷഹനയുടെ മരണത്തിൽ പ്രതിഷേധം ശക്തമായതോടെ പൊലീസിന് മേൽ സമ്മർ​ദം കടുക്കുകയായിരുന്നു. റുവൈസ് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് പിടിയിലാവുന്നത്. നേരത്തെ, ഡോ റുവൈസിനെ ഹോസ്റ്റലിലും വീട്ടിലും തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. പെൺകുട്ടിയുടെ മാതാവും സഹോദരനും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് റുവൈസിനെതിരെ കേസെടുത്തത്.