വയനാട്ടിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു
1 min read

സുൽത്താൻ ബത്തേരി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു. മുത്തങ്ങ വന്യജീവി സങ്കേതത്തിൽ ഉൾപ്പെട്ട കുമഴി വനമേഖലയിൽ ഇന്നലെയാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം നാലിനാണ് ദേശീയപാത 766-ൽ മുത്തങ്ങക്കടുത്ത കല്ലൂർ – 67 ന് സമീപം കാട്ടാനയെ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് ഗുരുതര പരിക്കേറ്റത്.അപകടത്തിന് പിന്നാലെ തീറ്റ എടുക്കാനും നടക്കാനും ബുദ്ധിമുട്ടിയിരുന്ന ആനയെ മയക്കുവെടിവച്ച് വനവകുപ്പ് ചികിത്സ നൽകിയിരുന്നു. തുടർന്ന് ആരോഗ്യനില മെച്ചപ്പെട്ടിരുന്നെങ്കിലും പിന്നീട് അവശ നിലയിലാകുകയായിരുന്നു. വനവകുപ്പിന്റെ ബാച്ചർമാർ അടങ്ങിയ പട്രോളിങ് സംഘം ഇന്നലെ വീണ് കിടക്കുന്ന നിലയിൽ ആനയെ കണ്ടെത്തുകയായിരുന്നു. പരിശോധനയിലാണ് ചരിഞ്ഞതാണെന്ന് മനസിലായത്. ആനയുടെ മൃതദേഹം വനത്തിനുള്ളിൽ തന്നെ സംസ്കരിക്കാനാണ് തീരുമാനം. ഇതിനുള്ള നടപടിക്രമങ്ങൾ വനം വകുപ്പ് തുടങ്ങിയിട്ടുണ്ട്.
