പുലിപ്പേടിയ്ക്ക് അറുതി, പത്തനംതിട്ട ഇഞ്ചപ്പാറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി
1 min read

പത്തനംതിട്ട ഇഞ്ചപ്പാറ പാക്കണ്ടത്ത് നാട്ടുകാരിൽ ഭീതി വിതച്ചിരുന്ന പുലി വനംവകുപ്പിൻ്റെ കൂട്ടിൽ കുടുങ്ങി. പ്രദേശത്ത് വന്യജീവി ആക്രമണം പതിവായതോടെ 6 മാസം മുമ്പാണ് വനം വകുപ്പ് പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ കൂട് സ്ഥാപിക്കുന്നത്. കൂട്ടിൽ ഇന്ന് രാവിലെയോടെയാണ് പുലി കുടുങ്ങുന്നത്. പ്രദേശത്ത് നിന്നും ഇത് മൂന്നാം തവണയാണ് പുലിയെ പിടികൂടുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ പ്രദേശത്ത് നിന്നു മാറ്റി. ഏറെ നാളായി പുലി ഭീതി നിലനിന്നിരുന്ന പ്രദേശമാണ് ഇത്.
പിടികൂടിയ പുലിക്ക് 3 മുതൽ 5 വയസ്സ് വരെ പ്രായമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പുലിയെ പരിശോധനകൾക്ക് ശേഷം ഇന്നുതന്നെ കക്കി വനമേഖലയിലേക്ക് തുറന്നുവിടും. ഇഞ്ചിപ്പാറ മേഖലയിൽ കൂടുതൽ പുലികളുടെ സാന്നിധ്യം ഉണ്ടെന്നാണ് നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നത്.അതിനാൽ തന്നെ വരുംദിവസങ്ങളിലും പ്രദേശത്ത് വനംവകുപ്പിൻ്റെ കർശന പരിശോധന ഉണ്ടാകണമെന്നും ഇവർ ആവശ്യപ്പെടുന്നു.
