സെര്‍ബിയന്‍ കുരുക്കില്‍ പിടഞ്ഞ് ഇംഗ്ലണ്ട്; മത്സരം കടുപ്പമായിരുന്നുവെന്ന് ഹാരികെയ്ന്‍
1 min read”ഇതൊരു കടുപ്പമേറിയ കളിയായിരിക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. സെര്‍ബിയ ഉയര്‍ത്തിയ ഭീഷണി ഞങ്ങള്‍ അത് നന്നായി കൈകാര്യം ചെയ്തുവെന്ന് ഞാന്‍ കരുതി. മൊത്തത്തില്‍ ഞങ്ങള്‍ (ഇംഗ്ലണ്ട് ടീം) വിജയത്തിന് അര്‍ഹരായിരുന്നു.” – യുവേഫ യൂറോ കപ്പ് ഗ്രൂപ്പ് സി-യില്‍ ഇംഗ്ലണ്ട്-സെര്‍ബിയ മത്സരത്തിന് ശേഷം ഇംഗ്ലീഷ് ക്യാപറ്റന്‍ ഹാരികെയ്ന്‍ ബി.ബി.സിയോട് പറഞ്ഞ വാക്കുകള്‍. ക്യാപ്റ്റന്‍ വ്യക്തമാക്കിയത് പോലെ തന്നെ അതികഠിന പരീക്ഷയായിരുന്നു സെര്‍ബിയയുമായി ഇംഗ്ലണ്ട് കളിച്ച മത്സരം. ഇംഗ്ലീഷ് ടീമിലെ റയല്‍ മാഡ്രിഡ് യുവതാരം ജൂഡ് ബെല്ലിങ്ഹാം തകര്‍പ്പന്‍ ഒരു ഹെഡ്ഡറിലൂടെ മത്സരത്തിലെ ഏക ഗോള്‍ കണ്ടെത്തിയെങ്കിലും മത്സരം അത്ര എളുപ്പമായിരുന്നില്ലെന്നാണ് ഇംഗ്ലീഷ് താരങ്ങളുടെ അഭിപ്രായം. യൂറോയിലെ ടീമുകളെടുത്താല്‍ കരുത്തുറ്റ നിരയാണ് ഇംഗ്ലണ്ടിന്റേത്. എന്നാല്‍ പ്രതിരോധ നിരയെ ശരിക്കും വിറപ്പിച്ച ശേഷം വീരോചിതമായ കീഴടങ്ങലായിരുന്നു സെര്‍ബിയയുടേത്. 13-ാം മിനിറ്റില്‍ ആയിരുന്നു റയല്‍ മാഡ്രിഡ് താരം ജൂഡ് ബെല്ലിങ്ങാമിന്റെ ഗോള്‍ വന്നത്. ജര്‍മ്മനി സ്‌കോട്ട്‌ലാന്‍ഡ് മത്സരം പോലെ ഗോള്‍മഴയാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കൃത്യമായ പദ്ധതികളുമായെത്തിയ സെര്‍ബിയ അതെല്ലാം കളത്തില്‍ പയറ്റിയപ്പോള്‍ ഇംഗ്ലണ്ട് ശരിക്കും വെള്ളം കുടിച്ചു. ഇംഗ്ലണ്ടിന്റെ ശക്തമായ ആക്രമണനിര മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ സെര്‍ബിയന്‍ ബോക്സിലേക്ക് ഇരച്ചെത്തി. അങ്ങനെയാണ് 13-ാം മിനിറ്റില്‍ ആ ഗോളെത്തി. കൈല്‍ വാക്കര്‍ വലതുവിങ്ങിലേക്ക് നീട്ടിയ പന്തുമായി മുന്നേറി ബുക്കായോ സാക്ക നല്‍കിയ ക്രോസിന് സെര്‍ബിയന്‍ പ്രതിരോധ നിര താരം ചിന്തിക്കുന്നതിന് മുമ്പ് തലവെക്കുകയായിരുന്നു. മാത്രമല്ല സെര്‍ബിയന്‍ കീപ്പര്‍ക്ക് ഒരിക്കലും എത്താനാകാത്ത ആംഗിളിലേക്ക് പന്തിനെ പറഞ്ഞയക്കുകയായിരുന്നുവെന്ന് ആ ഗോള്‍ കണ്ടാല്‍ മനസിലാകും. ഗോള്‍ തിരിച്ചടിക്കാനുള്ള സെര്‍ബിയയുടെ മുന്നേറ്റത്തില്‍ ഇംഗ്ലണ്ട് ഇടക്കെല്ലാം പതറിപോയിരുന്നു. താളംകണ്ടെത്തിയതോടെ സെര്‍ബിയ കളിയില്‍ പിടിമുറുക്കി. ഹാരി കെയ്നിനെ അനങ്ങാന്‍ വിടാതെ സെര്‍ബിയ പ്രതിരോധം പൂട്ടിയതോടെ ആദ്യ പകുതിയില്‍ അധികവും ബെല്ലിങ്ങാമിനെ ചുറ്റിപ്പറ്റിയായിരുന്നു ഇംഗ്ലണ്ട് ആക്രമണങ്ങള്‍. പലപ്പോഴും കൈല്‍ വാക്കറിന്റെ പന്തുമായുള്ള മുന്നേറ്റങ്ങള്‍ ഇംഗ്ലണ്ടിന് ഏതാനും അവസരങ്ങള്‍ ഒരുക്കി നല്‍കിയെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചില്ല. ഇംഗ്ലണ്ടും ഒരു ഗോള്‍ കൂടി നേടി ജയം ഉറപ്പിക്കാനായിരുന്നു നോട്ടം. എന്നാല്‍ ഡെക്ലാന്‍ റൈസിനെയും അലക്സാണ്ടര്‍ അര്‍നോള്‍ഡിനെയും കൂടി പൂട്ടി അവര്‍ക്കുള്ള ബോള്‍ സപ്ലെ കൂടി ഇല്ലാതാക്കിയ സെര്‍ബിയ ഇംഗ്ലണ്ടിന്റെ പദ്ധതികള്‍ ഓരോന്നും പൊളിച്ചു. ഇതോടെ വിങ്ങുകളില്‍ പലപ്പോഴും ഫില്‍ ഫോഡനും സാക്കയും പിന്തുണ കിട്ടാതെ വലഞ്ഞു. രണ്ടാം പകുതിയില്‍ സെര്‍ബിയന്‍ നിരയെ കടിഞ്ഞാണിടാന്‍ കിണഞ്ഞ് ശ്രമിക്കുകയായിരുന്നു സെര്‍ബിയ. പകരക്കാരനായി ഇറങ്ങിയ ദുഷാന്‍ ടാഡിക് മധ്യഭാഗം നന്നായി ഉപയോഗിച്ച് കളിച്ചതോടെ ഏതാനും ത്രൂ ബോളുകളും സെര്‍ബിയക്ക് ലഭിച്ചു. ലൂക്ക ജോവിച്ച് കൂടിയെത്തിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിന് പണികൂടി. അവസാന മിനിറ്റുകളില്‍ സെര്‍ബിയന്‍ ആക്രമണങ്ങള്‍ തടഞ്ഞ ജോര്‍ദാന്‍ പിക്ഫോര്‍ഡിന്റെ മികവാണ് ഇംഗ്ലണ്ടിനെ സമനില ഗോള്‍ വഴങ്ങാതെ കാത്തത്. ഏതായാലും തീപാറുന്ന പോരാട്ടമായിരുന്നു ഇംഗ്ലണ്ടും സെര്‍ബിയയും തമ്മില്‍ നടന്നത്.