July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 3, 2025

ഇ പി ആത്മകഥാ വിവാദം; ഡിസി ബുക്സ് പബ്ലിക്കേഷൻ വിഭാഗം മേധാവിയുടെ അറസ്റ്റ് രേഖപ്പെടുത്തി

1 min read
SHARE

ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ഡി സി ബുക്സ് പബ്ലിക്കേഷൻസ് വിഭാഗം മേധാവി എ വി ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ശേഷം ജാമ്യത്തിൽ വിട്ടു. രണ്ട് ആൾ ജാമ്യത്തിലും, അന്വേഷണത്തോട് സഹകരിക്കണമെന്ന നിബന്ധനയിലുമാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. ഇന്നലെയാണ് കോട്ടയം ഈസ്റ്റ് പോലീസ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. ഹൈക്കോടതി ശ്രീകുമാറിന് നേരത്തെ മുൻകൂർ ജാമ്യം നൽകിയിരുന്നു.നേരത്തെ ശ്രീകുമാറിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെ ഡി സി ബുക്സിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനമുന്നയിച്ചിരുന്നു. എഴുത്തുകാരൻ്റെ അനുമതിയില്ലാതെയല്ലെ ആത്മകഥയുടെ തലക്കെട്ട് തയ്യാറാക്കിയതെന്നും പുസ്തകം പ്രസിദ്ധീകരണത്തിന് നല്‍കിയതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

എഴുത്തുകാരനെ മാനസികമായി ബുദ്ധിമുട്ടിക്കാനാണ് ആത്മകഥ പ്രസിദ്ധീകരിച്ചത് എന്നും എഴുത്തുകാരനെ അപമാനിക്കാനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കം പുറത്തുവിട്ട ഡിസി ബുക്സിന്റെ നടപടി ശരിയാണോ? ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുന്നില്‍ നില്‍ക്കുമ്പോള്‍ ഇങ്ങനെ ചെയ്തതെന്തിന്? പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കാതെ എങ്ങനെ പുസ്തകം പുറത്തുവിടാനാകും? എഴുത്തുകാരനെ അപമാനിച്ചുവെന്നത് വസ്തുതയാണെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

കട്ടന്‍ചായയും പരിപ്പുവടയും എന്ന പേരിലാണ് ഡിസി ബുക്സ് ഇ പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരില്‍ കവര്‍ചിത്രം പുറത്തുവിട്ടത്. വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസമായിരുന്നു സംഭവം. ആത്മകഥയുടെ ഭാഗമെന്ന നിലയിൽ പുറത്ത് വന്ന പിഡിഎഫിൽ സിപിപഐഎമ്മിനെതിരെയും രണ്ടാം പിണറായി സർക്കാരിനെതിരെയും രൂക്ഷ വിമർശനമാണ് ഉണ്ടായിരുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വാദവും ഇ പി ഉയർത്തിയതായി പിഡിഎഫിനെ ഉദ്ധരിച്ച് വാർത്തകൾ വന്നിരുന്നു.ഇത് കൂടാതെ പാലക്കാട്ടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി സരിനെതിരെയും ജയരാജന്‍ വിമർശനം ഉന്നയിച്ചതായി ആത്മകഥയുടേതായി പുറത്തുവന്ന പിഡിഎഫ് ചൂണ്ടിക്കാട്ടി ആക്ഷേപം ഉയർന്നു. സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച് വരുന്നവര്‍ വയ്യാവേലിയാണെന്നും പി വി അന്‍വര്‍ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും പുസ്തകത്തിൽ പരാമർശമുണ്ടെന്ന സൂചനകളും പുറത്തുവന്നു. ഇതിന് പിന്നാലെ ആരോപണങ്ങളെ പൂർണമായും തള്ളുന്ന നിലപാടാണ് ഇ പി ജയരാജൻ സ്വീകരിച്ചത്. തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു ഇ പി പറഞ്ഞത്. പുറത്ത് വന്നത് വ്യാജ വാര്‍ത്തകളാണെന്നും കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.