ഗുരു ഇല്ലാതാക്കിയ ജാതിമാമൂലുകളെ നിലനിർത്തികൊണ്ടുപോകാൻ ഇന്നും ചിലർ ശ്രമിക്കുന്നു’; സ്വാമി സച്ചിദാനന്ദ

1 min read
SHARE

ശ്രീനാരായണ ഗുരു തന്റെ ജീവിതം കൊണ്ട് ഇല്ലാതാക്കിയ ജാതി മാമൂലുകളെ നിലനിർത്തികൊണ്ടുപോകാൻ ശ്രമിക്കുന്നവർ ഇന്നുമുണ്ടെന്ന് ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. പഴയ സങ്കല്പങ്ങളെയും പല സമ്പ്രദായങ്ങളെയും ഗുരു ഇല്ലാതാക്കിയെന്നും അതുകൊണ്ട് അദ്ദേഹത്തെ ദൈവം എന്നുതന്നെ വിളിക്കണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ആലുവ അദ്വൈതാശ്രമത്തിൽ നിർമിച്ച പുതിയ ധ്യാനമണ്ഡപത്തിന്റെ സമർപ്പണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഗുരുവിന്റെ ഏകലോക ദർശനങ്ങളെ പോപ്പ് പോലും വാഴ്ത്തി. ക്ഷേത്ര പ്രതിഷ്ഠ ഉൾപ്പെടെയുള്ള എല്ലാ പഴയ സങ്കല്പങ്ങളെയും ഗുരു നവീകരിച്ചു. മാമൂലുകളെ അദ്ദേഹം പൂർണമായി കൈവിട്ടു. ബഹുഭാര്യ സമ്പ്രദായം ഇല്ലാതായത് ഗുരു കാരണമാണ്. പിന്നാക്ക ജനവിഭാഗത്തിന്റെ ആത്മീയ, ഭൗതിക വളർച്ചയ്ക്ക് വഴിതെളിച്ചത് ഗുരുവാണ്. എല്ലാ ദേവീദേവന്മാർക്കും മുകളിലാണ് ഗുരു. അതുകൊണ്ട് അദ്ദേഹത്തെ ദൈവമെന്ന വിളിക്കണം’; സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ഏറെ വിവാദമായ മേൽവസ്ത്ര വിഷയം ഉണ്ടായതിന് ശേഷമാണ് സ്വാമി സച്ചിദാനന്ദയുടെ ഈ വാക്കുകൾ. നേരത്തെ മേൽവസ്ത്രം ധരിച്ച് വിശ്വാസികളെ ക്ഷേത്രത്തിൽ കയറാൻ അനുവദിക്കണമെന്ന ആവശ്യവുമായി സ്വാമി സച്ചിദാന രംഗത്തെത്തിയിരുന്നു. ഈ അഭിപ്രായത്തിനോട് വിമർശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായരും രംഗത്തെത്തിയിരുന്നു. ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ മറ്റ് മതങ്ങളെ വിമര്‍ശിക്കാന്‍ ധൈര്യമുണ്ടോ എന്നായിരുന്നു സുകുമാരന്‍ നായര്‍ ചോദിച്ചത്. കാലങ്ങളായി തുടരുന്ന ആചാരം മാറ്റിമറിക്കാന്‍ പറയാന്‍ ഇയാള്‍ ആരാണെന്നും സുകുമാരന്‍ നായര്‍ ചോദിച്ചിരുന്നു.

ഇതിന് മറുപടിയുമായി സ്വാമി സച്ചിദാനന്ദയും രംഗത്തെത്തിയിരുന്നു. താന്‍ പറഞ്ഞത് നാട്ടിലുണ്ടാകേണ്ട കാമ്യമായ പരിഷ്‌കാരത്തെ കുറിച്ചാണ്. ഇത്തരം അഭിപ്രായങ്ങള്‍ പറയാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയേക്കാള്‍ അവകാശം സന്യാസിയായ തനിക്കാണ്. തന്നെ അയാളെന്ന് വിളിച്ചത് സുകുമാരന്‍ നായരുടെ സംസ്‌കാരമാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നു.