അഞ്ച് രൂപ പോലും എടുക്കാനില്ലാത്ത പാവങ്ങള്‍ ഇന്നും കേരളത്തിലുണ്ട്’; കടകംപള്ളി സുരേന്ദ്രനോട് കോണ്‍ഗ്രസ് നേതാവ്

1 min read
SHARE

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റ് വര്‍ധിപ്പിച്ചതില്‍ വിചിത്ര വാദം അവതരിപ്പിച്ച മുന്‍ മന്ത്രിയും ഇപ്പോള്‍ കഴക്കൂട്ടം എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ജെ എസ് അഖില്‍. അഞ്ച് രൂപ പോലും എടുക്കാനില്ലാത്ത പാവങ്ങള്‍ ഇന്നും കേരളത്തിലുണ്ടെന്ന് അഖില്‍ ഫേസ്ബുക്കില്‍ കുറിച്ചു. അഞ്ച് രൂപ ഇപ്പോള്‍ കിട്ടാനില്ല. അഞ്ച് രൂപയുടെ നോട്ടും കിട്ടാനില്ല. അതുകൊണ്ടാണ് പത്ത് രൂപയാക്കിയതെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ വാദം.

 

ജെ എസ് അഖിലിന്‍റെ കുറിപ്പ്

 

പ്രീയ കടകംപള്ളി സുരേന്ദ്രൻ സഖാവേ കഴിഞ്ഞ ദിവസം അങ്ങയുടെ ഒരു വിചിത്ര വാദം കേൾക്കാൻ കഴിഞ്ഞു.തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓ പി ടിക്കറ്റിന് 10 രൂപായായി നിരക്ക് വർധിപ്പിച്ചത് 5 രൂപ കിട്ടാനില്ലാത്തതു കൊണ്ടാണ് എന്നാണ്…5 രൂപ പോലും എടുക്കാനില്ലാത്ത പാവങ്ങൾ ഇന്നും ജീവിക്കുന്ന നാടാണ് നമ്മുടെ കേരളം

പിന്നെ കഴക്കൂട്ടം MLA ആയ അങ്ങയ്ക്ക് വളരെ നന്നായി അറിയാം അങ്ങയുടെ മണ്ഡലത്തിന് കീഴിലുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി വരുന്നത് എത്രമാത്രം പാവപ്പെട്ട ആളുകളാണ് എന്ന് അവരുടെയൊക്കെ മനസ്സിന് വേദനിപ്പിക്കുന്ന ഈ വാക്കുകൾ സാധാരണക്കാരന്റെ മനസ്സിൽ ഒരു മുറിവായി മാറിയിട്ടുണ്ട്

ഒരുപക്ഷേ അങ്ങ് പറഞ്ഞത് ശരിയായിരിക്കാം അങ്ങ് ഉൾപ്പെടുന്ന സഖാക്കന്മാരുടെ കയ്യിൽ അഞ്ചു രൂപയോ , പത്തു രൂപയോ ഇല്ലായിരിക്കാം പക്ഷേ അഞ്ചോ പത്തോ പോലും കയ്യിൽ ഇല്ലാത്ത സാധാരണക്കാർ,പട്ടിണി പാവങ്ങൾ ഇന്നും നമ്മുടെ നാട്ടിലുണ്ട്.അങ്ങയുടെ മണ്ഡലമായ കഴക്കൂട്ടത്തുമുണ്ട് അങ്ങ് കിട്ടാനില്ല എന്ന് പറഞ്ഞ് അഞ്ചുരൂപ വെറുതെ ഒന്ന് തപ്പിയപ്പോൾ എൻ്റെ പോക്കറ്റിലും ഉണ്ടായിരുന്നു ആ ചിത്രം ചുവടെ ചേർക്കുന്നു.