പോക്കറ്റ് കീറി: ഇന്ത്യയിലേക്ക് പറക്കുന്നതിന് മാത്രം ചെലവായത് 78.36 കോടി രൂപ; സൈനിക വിമാനത്തിൽ നാടുകടത്തുന്നത് നിര്‍ത്തി അമേരിക്ക

ഡൊണാൾഡ് ട്രംപ് അധികാരത്തിൽ കയറിയത് മുതൽ അമേരിക്കയിൽ നിരവധി ഭരണ പരിഷ്കാരങ്ങളാണ് നടത്തിയത്. അനധികൃത കുടിയേറ്റക്കാരെ നാട് കടത്തുമെന്ന പ്രഖ്യാപനമായിരുന്നു അതിലൊന്ന്. ഇന്ത്യക്കാരെ അടക്കം നാടു കടത്തി ട്രംപ് പറഞ്ഞ വാക്ക് പാലിക്കുകയും ചെയ്തിരുന്നു. സൈനിക വിമാനത്തിൽ കാലിൽ ചങ്ങലയിട്ടാണ് ഇന്ത്യക്കാരെ അമേരിക്ക നാട് കടത്തിയത്. ഇത് കനത്ത പ്രതിഷേധങ്ങൾക്ക് വഴി വെച്ചിരുന്നു. എന്നാൽ നാടുകടത്താനായി സൈനിക വിമാനം ഉപയോഗിക്കുന്നത് അമേരിക്ക നിര്‍ത്തിയെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.നാടുകടത്തുന്നതിനായി സൈനിക വിമാനം ഉപയോഗിക്കുന്നതിന് ഉയര്‍ന്ന ചെലവ് വരുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നടപടി. കുടിയേറ്റക്കാരെ സ്വന്തം രാജ്യത്ത് എത്തിക്കുന്നതിന് സൈനിക വിമാനങ്ങളാണ് ഉപയോഗിച്ചിരുന്നത്. സൈനിക വിമാനങ്ങൾ ആയതിനാൽ ചില രാജ്യങ്ങളുടെ വ്യോമ പരിധിയിൽ പറക്കാൻ കഴിയാത്തത് കൂടുതൽ ഇന്ധന ചെലവും യാത്ര ദൈർഖ്യവും വർധിപ്പിക്കുകയും ചെയ്തിരുന്നു. ഈ നടപടി കാര്യക്ഷമമല്ലെന്നും ചെലവേറിയതുമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ നീക്കം ഉപേക്ഷിക്കുന്നത്.
സി -17 സൈനിക വിമാനത്തിൽ മൂന്ന് തവണയാണ് അനധികൃത കുടിയേറ്റക്കാരെ യുഎസ് ഇന്ത്യയിൽ എത്തിച്ചത്. ഓരോ യാത്രയ്ക്കും 26.12 കോടി രൂപ ചെലവാവുകയും ചെയ്തു. ഇങ്ങനെ ഇന്ത്യയിലേക്ക് മാത്രം 78 കോടിയിലധികം രൂപയാണ് പൊട്ടിയത്. യുഎസ് എയര്‍ഫോഴ്‌സിന്റെ കാര്‍ഗോ വിമാനങ്ങളില്‍ നൂറുകണക്കിന് കുടിയേറ്റക്കാരെയാണ് ഫെബ്രുവരിയില്‍ മാത്രം ഇന്ത്യയില്‍ എത്തിച്ചത്.
അമേരിക്കയുടെ സൈനിക വിമാനമായ സി-17 അനധികൃത കുടിയേറ്റക്കാരുമായി 30 യാത്രകളും സി-130 വിമാനം പത്തിലധികം യാത്രകളും നടത്തിയതായാണ് കണക്ക്. അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നൽകുന്നതിന് കൂടിയാണ് സൈനിക വിമാനം ഉപയോഗിച്ചിരുന്നതെന്നാണ് വിലയിരുത്തല്‍. എന്നാൽ, ചെലവ് താങ്ങാനാകാതെ വന്നതോടെ പതിയെ ഈ രീതി അവസാനിപ്പിക്കാനാണ് ശ്രമം.

