July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 5, 2025

മ‍‍ഴ നനഞ്ഞെത്തിയ അതിഥിയെ കണ്ട് വീട്ടുകാർ ഞെട്ടി; കോതമംഗലത്ത് കൂറ്റൻ മലമ്പാമ്പ്, വനപാലകരെത്തി പിടികൂടി

1 min read
SHARE

എറണാകുളം കോതമംഗലത്ത് മ‍‍ഴ നനഞ്ഞെത്തിയ അതിഥിയെ കണ്ട് വീട്ടുകാർ ഞെട്ടി. കൂറ്റനൊരു മലമ്പാമ്പാണ് മ‍ഴയത്ത് ഇ‍ഴഞ്ഞെത്തിയത്. വീടിനു സമീപമെത്തിയ മലമ്പാമ്പിനെ വനപാലകരുടെ നേതൃത്വത്തിൽ പിടികൂടി. ഇലവുംപറമ്പ് – അയ്യപ്പൻമുടി റോഡിൽ ചെമ്പിക്കോട്, കൂരാപ്പിള്ളിൽ ബിജുവിൻ്റെ വീടിൻ്റെ അടുക്കള മുറ്റത്താണ് പാമ്പ് ആദ്യം എത്തിയത്. ആളുകളെ കണ്ടതോടെ പാമ്പ് വീടിനു സമീപത്തെ കൈത്തോടിലേക്ക് ഇറങ്ങി. വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് മൂവാറ്റുപുഴയിൽ നിന്ന് പാമ്പുപിടുത്ത വിദഗ്ദ്ധനായ സേവി തോമസ് എത്തിയാണ് പാമ്പിനെ പിടികൂടിയത്.കാലവർഷം ശക്തമായി തുടരുന്ന സാഹചര്യമാണ് കേരളത്തിൽ. മഴക്കാലമാകുമ്പോൾ പാമ്പുകൾ സാധാരണയായി പുറത്തിറങ്ങുന്നതിനും, മനുഷ്യവാസമുള്ള സ്ഥലങ്ങളിലേക്ക് വരുന്നതിനും സാധ്യത കൂടുതലാണ്. മാളങ്ങളിൽ വെള്ളം കയറുന്നതും, കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനവും, ഇരതേടിയുമൊക്കെയാണ് പാമ്പുകൾ പറത്തിറങ്ങാൻ കാരണമാകുന്നത്.

പാമ്പുകളെ സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. പരിസരത്തെ പുല്ലും മാലിന്യങ്ങളും നീക്കം ചെയ്യുക. ഇത് പാമ്പുകൾക്ക് ഒളിച്ചിരിക്കാനുള്ള സാധ്യത കുറയ്ക്കും. മറ്റൊന്ന്വീടിന്റെ ഭിത്തികളിലും തറയിലുമുള്ള വിള്ളലുകളും മാളങ്ങളും അടയ്ക്കുക. ഷൂസും മറ്റ് പാദരക്ഷകളും ധരിക്കുന്നതിന് മുമ്പ് ഉള്ളിൽ പാമ്പുകളോ മറ്റ് ജീവികളോ ഇല്ലെന്ന് ഉറപ്പുവരുത്തുക. രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്ത സ്ഥലങ്ങളിൽ നടക്കുമ്പോൾ ടോർച്ച് ഉപയോഗിക്കുക. പാമ്പുകളെ പ്രകോപിപ്പിക്കാതിരിക്കുക. അവയെ കണ്ടാൽ ഉപദ്രവിക്കാനോ പിടിക്കാനോ ശ്രമിക്കരുത്. പാമ്പുകടിയേറ്റാൽ ഉടൻതന്നെ വൈദ്യസഹായം തേടുക. മഴക്കാലത്ത് പാമ്പുകൾ തണുപ്പും വെള്ളവും തേടി വീടുകളിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ട്. അതിനാൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.