September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 10, 2026

ഫുഡ് ഡെലിവറി രംഗത്തേക്ക് ഫ്ലിപ്കാർട്ട്; ‘ഈറ്റ് ഇൻ’ ആപ്പുമായി പുതിയ പരീക്ഷണം

SHARE

ഫ്ലിപ്കാർട്ട് ഫുഡ് ഡെലിവറി മേഖലയിലേക്ക് ചുവടുവെക്കുന്നു. ‘ഈറ്റ് ഇൻ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ സേവനം ബംഗളൂരുവിലാണ് കമ്പനി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്നത്.

 

നിലവിൽ ഫ്ലിപ്കാർട്ട് ജീവനക്കാർക്കായി മാത്രം പരിമിതപ്പെടുത്തിയിരിക്കുന്ന ഈ സർവീസ് വരും ദിവസങ്ങളിൽ കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സെപ്റ്റംബർ 15-ഓടെ എല്ലാ ഫ്ലിപ്കാർട്ട് ജീവനക്കാർക്കും ഈ സേവനം ലഭ്യമാകും. ഇതിന് ശേഷമായിരിക്കും ബംഗളൂരുവിലെ പൊതുജനങ്ങളിലേക്ക് ഈറ്റ് ആപ്പ് എത്തിക്കുക.

ഭക്ഷ്യ വിതരണ രംഗത്തെ പ്രമുഖരായ സൊമാറ്റോ, സ്വിഗ്ഗി, റാപ്പിഡോയുടെ പിന്തുണയുള്ള ഓൺലി തുടങ്ങിയ മുൻനിര കമ്പനികളോടാണ് ഫ്ലിപ്കാർട്ടിന്റെ ഈ പുതിയ സംരംഭം നേരിട്ട് മത്സരിക്കുക. കേന്ദ്ര സർക്കാരിന്റെ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സുമായി സഹകരിച്ചാണ് ഫ്ലിപ്കാർട്ട് ‘ഈറ്റ്’ വികസിപ്പിച്ചെടുത്തിരിക്കുന്നത്. റെസ്റ്റോറന്റുകളിൽ നിന്ന് ഈടാക്കുന്ന കമ്മീഷൻ തുക ഗണ്യമായി കുറച്ചുകൊണ്ട് വിപണിയിൽ മേധാവിത്വം ഉറപ്പിക്കാനാണ് കമ്പനിയുടെ നീക്കം. സീറോ കമ്മീഷൻ മോഡലിൽ പ്രവർത്തിക്കുന്ന ഓൺലി ആപ്പിന് ഇത് വലിയൊരു വെല്ലുവിളിയാകും.

 

ഭക്ഷണ വിതരണത്തിന് പുറമെ, ക്വിക്ക് കൊമേഴ്സ് രംഗത്തും ഫ്ലിപ്കാർട്ട് തങ്ങളുടെ സാന്നിധ്യം ശക്തമാക്കുകയാണ്. ഇതിനായി ‘മിനിറ്റ്സ്’ എന്ന പേരിൽ ഒരു പ്രത്യേക ആപ്ലിക്കേഷൻ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ഉത്സവ സീസണും ബിഗ് ബില്യൺ ഡേയ്‌സ് സെയിലും മുന്നിൽ കണ്ടാണ് ഈ നീക്കം. ബ്ലിങ്കിറ്റ്, സെപ്റ്റോ, ബിഗ് ബാസ്കറ്റ് തുടങ്ങിയ ആപ്പുകൾ ഉപഭോക്താക്കൾക്കിടയിൽ സ്വാധീനം ചെലുത്തുന്ന സാഹചര്യത്തിലാണ് ഫ്ലിപ്കാർട്ടും തങ്ങളുടെ തന്ത്രങ്ങൾ മാറ്റുന്നത്.

ഡാറ്റാ കണക്കുകൾ പ്രകാരം, പരമ്പരാഗത ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളേക്കാൾ ഉപഭോക്താക്കൾ ഇപ്പോൾ ക്വിക്ക് കൊമേഴ്‌സ് ആപ്പുകളെയാണ് ദൈനംദിന ആവശ്യങ്ങൾക്കായി കൂടുതൽ ആശ്രയിക്കുന്നത്. മെട്രോ നഗരങ്ങളിലെ ഭൂരിഭാഗം വീടുകളും പലചരക്ക് സാധനങ്ങൾ വാങ്ങാൻ ഇത്തരം ആപ്പുകളെയാണ് ഉപയോഗിക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഫ്ലിപ്കാർട്ട്, മിന്ത്ര എന്നീ പ്ലാറ്റ്‌ഫോമുകളുടെ പ്രതിമാസ സജീവ ഉപഭോക്താക്കളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ഉപഭോക്താക്കളെ തങ്ങളുടെ ആവാസവ്യവസ്ഥയിലേക്ക് സ്ഥിരമായി ആകർഷിക്കാൻ ഫുഡ് ഡെലിവറിയും ക്വിക്ക് കൊമേഴ്‌സും ഫ്ലിപ്കാർട്ടിനെ സഹായിക്കുമെന്നാണ് വിലയിരുത്തൽ.