January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 7, 2026

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു.

SHARE

ബംഗ്ലാദേശ് മുൻപ്രധാനമന്ത്രിയും ബം​ഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവുമായ ഖാലിദ സിയ(80) അന്തരിച്ചു. കഴിഞ്ഞ ഒരു മാസക്കാലമായി ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഖാലിദ സിയ. ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് ഖാലിദ സിയ. ശ്വാസകോശസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലുള്ള ഖാലിദ സിയക്ക് ഹൃദ്രോഗവും കരൾ-വൃക്ക പ്രശ്‌നങ്ങളും ആശുപത്രിവൃത്തങ്ങൾ പറയുന്നത്.

ഖാലിദ സിയയുടെ മകനും ബി എൻ പിയുടെ ആക്ടിങ് ചെയർമാനുമായ താരിഖ് റഹ്‌മാൻ കഴിഞ്ഞയാഴ്ചയാണ് 17 വർഷത്തിനുശേഷം ബംഗ്ലാദേശിൽ തിരിച്ചെത്തിയിരുന്നു. 2026ൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയെ നയിക്കാനിരിക്കെയാണ് ഖാലിദ സിയ വിട വാങ്ങിയത്. 1981-ൽ സിയാവുർ റഹ്‌മാൻ കൊല്ലപ്പെട്ടതോടെയാണ് ഖാലിദ സിയ ഭർത്താവ് സ്ഥാപിച്ച ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ നേതൃത്വമേറ്റെടുക്കാൻ നിർബന്ധിതയായത്. 1982-ൽ ജനറൽ ഹുസൈൻ മുഹമ്മദ് എർഷാദ് പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തപ്പോൾ, ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനുള്ള പോരാട്ടങ്ങൾക്ക് ഖാലിദ നേതൃത്വം നൽകി.

ഏകാധിപത്യത്തിനെതിരെ പ്രതിപക്ഷത്തെ നയിച്ച അവർ, ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ മുഖമായി മാറി. 1991ലെ പൊതു തിരഞ്ഞെടുപ്പിൽ ബി എൻ പി വിജയിച്ചപ്പോൾ, ഖാലിദ സിയ ബംഗ്ലാദേശിന്റെ ചരിത്രത്തിൽ ഒരു ജനാധിപത്യ സർക്കാരിനെ നയിക്കുന്ന ആദ്യ വനിതാ പ്രധാനമന്ത്രിയായി. ഇസ്ലാമിക ലോകത്ത് പ്രധാനമന്ത്രി പദത്തിലെത്തിയ രണ്ടാമത്തെ വനിതയായിരുന്നു ഖാലിദ. ബംഗ്ലാദേശിന്റെ സാമ്പത്തിക-രാഷ്ട്രീയ മേഖലകളിൽ നിർണായക മാറ്റങ്ങൾ വന്ന കാലമായിരുന്നു ഖാലിദ സിയയുടെ ആദ്യ ഭരണകാലം.

2001ൽ ഷേയ്ഖ് ഹസീനയുടെ അവാമി ലീഗിനെ പരാജയപ്പെടുത്തി വീണ്ടും ഖാലിദ സിയ അധികാരത്തിലെത്തി. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗുമായി കടുത്ത രാഷ്ട്രീയ വൈരം നിലനിന്നിരുന്ന കാലഘട്ടമായിരുന്നു ഖാലിദ സിയയുടെ ഭരണകാലം. 2007-നു ശേഷം ഖാലിദ സിയയുടെ ജീവിതം കേസുകളാലും നിയമപോരാട്ടങ്ങളാലും വലയം ചെയ്യപ്പെട്ടു. ഷേയ്ഖ് ഹസീനയുടെ ഭരണകാലത്ത് 2018-ൽ അഴിമതിക്കേസുകളിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഖാലിദ സിയയ്ക്ക് തടവുശിക്ഷ വിധിച്ചു. വർഷങ്ങളോളം ജയിൽശിക്ഷ അനുഭവിച്ച അവർ, ആരോഗ്യനില മോശമായതിനെ തുടർന്ന് വീട്ടുതടങ്കലിലായി.

2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്തതിനെ തുടർന്നാണ് ഖാലിദ സിയയെ മോചിപ്പിക്കാൻ ബംഗ്ലാദേശ പ്രസിഡന്റ് ഉത്തരവിട്ടത്. ജയിൽ മോചിതയായെങ്കിലും രോഗങ്ങൾ ഖാലിദ സിയയെ വേട്ടയാടി. ബംഗ്ലാദേശിന്റെ ജനാധിപത്യ ചരിത്രത്തിലെ ഒരു യുഗത്തിനാണ് ഖാലിദ സിയയുടെ വിയോഗത്തോടെ തിരശ്ശീല വീഴുന്നത്.