സിപിഐഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍; അംഗത്വം സ്വീകരിച്ചു.

സിപിഐഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എസ് രാജേന്ദ്രന് അംഗത്വം നല്‍കി.
വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പാര്‍ട്ടി മാറ്റമെന്ന് എസ് രാജേന്ദ്രന്‍ പറഞ്ഞു.
ബിജെപി പ്രവേശനത്തില്‍ ഉപാധികള്‍ വെച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമില്ലെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ താന്‍ പൂര്‍ണ്ണമായി ബിജെപിയിലാണ് എന്ന് പറയാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്ന രാജേന്ദ്രന്റെ പരാമര്‍ശം ബിജെപി നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി.
ഞാന്‍ പ്രമുഖന്‍ ഒന്നുമല്ല. ദീര്‍ഘകാലമായി രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നാലഞ്ചു വര്‍ഷക്കാലം പൊതുരംഗത്ത് ഉണ്ടായിരുന്നു. മാനസികമായ പ്രയാസങ്ങള്‍ ഉണ്ട്. സ്വീകരിച്ച രാഷ്ട്രീയത്തെ ഒരുകാലത്തും ചതിക്കുകയോ അതിനെതിരെ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ല കഴിഞ്ഞ ദിവസം വരെ ചെയ്തിട്ടില്ല. പലതും സഹിച്ചിട്ടുണ്ട്. പുറത്തേക്കുള്ള വാതില്‍ തുറന്നിട്ടിരിക്കുന്നു എന്നാണ് സിപിഐഎം നേതാക്കള്‍ അധിക്ഷേപിച്ചത്. പലപ്പോഴും ഉപദ്രവിക്കരുത് എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തോട്ടം മേഖലയില്‍ സര്‍ക്കാരിന്റെ സഹായം ആവശ്യമുണ്ട്. ഹൈറേഞ്ച് മേഖലയുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ബിജെപി സംസ്ഥാന അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയത്. തോട്ടം മേഖലയുടെ വിഷയങ്ങള്‍ പരിഹരിക്കണം. ആരെയും അടര്‍ത്തിക്കൊണ്ടു പോകണമെന്ന് ആഗ്രഹമില്ല. പൂര്‍ണ്ണമായി ബിജെപിയിലാണ് എന്ന് പറയാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല – അദ്ദേഹം പറഞ്ഞു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് സിപിഐഎമ്മുമായി മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ തെറ്റിയത്. ദീര്‍ഘനാളായി ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങളും ചര്‍ച്ചകളും നിലനില്‍ക്കെയാണ് എസ് രാജേന്ദ്രന്റെ ബിജെപി പ്രവേശനം . ബിജെപി സംസ്ഥാന കാര്യാലയമായ കെ ജി മാരാര്‍ ഭവനിലെത്തി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് അംഗത്വം സ്വീകരിച്ചു.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും കേന്ദ്രം ഇതിന് മുന്‍കൈയെടുക്കും എന്നും രാജിവ് ചന്ദ്രശേഖര്‍ പറഞ്ഞു. 2006 മുതല്‍ 2021 വരെ ദേവികുളം എംഎല്‍എയായിരുന്നു എസ് രാജേന്ദ്രന്‍. 2021 ല്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ദേവികുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതിന് സിപിഐഎം നടപടി സ്വീകരിച്ചിരുന്നു.

