May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 10, 2025

ഇനി മാഹിയിലും ഇന്ധന വില പൊള്ളും, വാറ്റ് നികുതിയിൽ വലിയ മാറ്റവുമായി പുതുച്ചേരി, വലിയ നഷ്ടം മലയാളികൾക്ക്

1 min read
SHARE

മാഹി: ലാഭം നോക്കി പെട്രോളും ഡീസലുമടിക്കാൻ മാഹിയിലേക്ക് വച്ചുപിടിക്കുന്നവ‍ർക്ക് ജനുവരി ഒന്ന് മുതൽ നഷ്ടം കൂടും. ജനുവരി ഒന്നു മുതൽ മാഹിയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നര രൂപയോളമാണ് കൂടുക. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ പരിഷ്കരിച്ച മൂല്യവ‍ർധിത നികുതിയുടെ ഭാഗമായാണ് വില കൂടുന്നത്. ലെഫ്റ്റ്നന്റ് ഗവർണർ കെ കൈലാഷനാഥനാണ് വെള്ളിയാഴ്ച തീരുമാനം പ്രഖ്യാപിച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് അഥവാ മൂല്യവർധിത നികുതി വർദ്ധിപ്പിക്കുന്ന തീരുമാനമാണ് ഇന്ധന വില കൂടുമ്പോൾ മാഹിയിലേക്ക് വച്ചുപിടിക്കുന്ന മലയാളികൾക്ക് തിരിച്ചടിയാവുക. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ പുതുവർഷത്തിൽ നടപ്പിലാക്കുന്ന പരിഷ്കരണമാണ് ഇന്ധനത്തിനുള്ള വാറ്റ് വർധന. പെട്രോളിന് 2.44 ശതമാനമായും ഡീസലിന് 2.57 ശതമാനമായും വാറ്റ് ഉയരും. മാഹിയിലെ പെട്രോൾ നികുതി 13.32 ശതമാനത്തിൽ നിന്ന് 15.74 ശതമാനമാവും. ഡീസൽ 6.91ശതമാനത്തിൽ നിന്നും 9.52 ശതമാനമായി മാറും. ചുരുക്കി പറഞ്ഞാൽ നിലവിലെ വിലയിൽ മൂന്നര രൂപയോളം മാറ്റമുണ്ടാകുമെന്ന് സാരം.

പുതുച്ചേരിയുടെ വിവിധ മേഖലയിൽ വ്യത്യസ്ത രീതിയിലാണ് വില വർധന വരിക. ഇതിൽ തന്നെ ഏറ്റവും ഉയർന്ന വിലയാവും മാഹിയിൽ വരിക. എന്നാലും സമീപ സംസ്ഥാനങ്ങളായ കേരള, തമിഴ്നാട്, കർണാടക എന്നിവിടങ്ങളെ അപേക്ഷിച്ച് ഇന്ധന വില പുതുച്ചേരിയിൽ കുറഞ്ഞ് നിൽക്കുമെന്നാണ് ലഫ്റ്റനന്റ് ഗവർണർ വിശദമാക്കിയത്. 2021ലായിരുന്നു ഇതിന് മുൻപ് പുതുച്ചേരിയിൽ വാറ്റ് വർധനവ് വന്നത്.

മാഹിയിൽ നിന്ന് ടാങ്ക് നിറച്ചാൽ നിലവിൽ ലാഭം 13.93 പൈസയാണ്. കേരളത്തിൽ 105 രൂപ പെട്രോൾ വിലയെങ്കിൽ മാഹിയിലേത് 91 രൂപയാണ്. നികൂതി വർദ്ധിക്കുന്നതോടെ ദീർഘദൂര ലോറികൾക്കടക്കം കീശ കാലിയാവും. കൃത്യമായ വിലവർദ്ധനവ് എത്രയാണെന്ന് ഇന്ന് അർദ്ധരാത്രിയറിയാനാകും. മാഹിയിലെ വിലക്കുറവ് പരിഗണിച്ച് അയൽ ജില്ലകളിൽ നിന്നടക്കം കിലോമീറ്ററുകൾ താണ്ടി ആളുകളെത്തുന്നത് സാധാരണമാണ്. എന്നാൽ ഇന്ധനവില കൂടുന്നതോടെ മാഹിയിലെ പെട്രോളിനും ഡീസലിനും ആവശ്യക്കാർ കുറയുമോയെന്ന് കാത്തിരുന്നു കാണാം.