ഇടതുപക്ഷത്തിന് ഇണങ്ങാത്ത ജീവിതശൈലി: മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ജി ദേവരാജൻ
1 min readദില്ലി: കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിദേശ സന്ദർശനത്തെ വിമര്‍ശിച്ച് ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി ദേവരാജൻ. ഇടതുപക്ഷം തൊഴിലാളി വർഗ്ഗത്തിനായി നിലകൊള്ളുമ്പോൾ അതിന് ഇണങ്ങാത്ത ജീവിതശൈലി നേതാക്കന്മാർ അനുവർത്തിക്കാൻ പാടില്ലെന്ന് അദ്ദേഹം ദില്ലിയിൽ പറഞ്ഞു. ഇടതുപക്ഷത്തിന്റെ പറച്ചിലും പ്രവർത്തിയും തമ്മിൽ ബന്ധമില്ല എന്ന വ്യാഖ്യാനം ഇതിലൂടെയുണ്ടാകും. അത് ഇടതുപക്ഷത്തിന്റെ വിശ്വാസ്യതയെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ പ്രസ്താവനകൾക്ക് ചില മൂല്യങ്ങൾ ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ തെരഞ്ഞെടുപ്പ് നിർണായകമായ തെരഞ്ഞെടുപ്പാണ്. എല്ലാ പാർട്ടികളും മുഴുവൻ ആയുധങ്ങളും എടുത്തു പ്രയോഗിക്കേണ്ട തെരഞ്ഞെടുപ്പാണ് ഇത്. മുഖ്യമന്ത്രി പിണറായി വിജയനെ പശ്ചിമ ബംഗാളിലും ബീഹാറിലും അടക്കം സിപിഎം ഉപയോഗിക്കേണ്ടതായിരുന്നു. എന്നാൽ അത് ആ പാര്‍ട്ടി തന്നെ തീരുമാനിക്കേണ്ട കാര്യമാണ്. അതിനകത്ത് ഫോര്‍വേര്‍ഡ് ബ്ലോക്കിന് അഭിപ്രായം പറയേണ്ട കാര്യമില്ല. പക്ഷെ കേരളത്തിലെ ഇടതു പാർട്ടികളിൽ നിന്ന് പുറത്തു വരുന്ന വാർത്തകൾ ഇടതുപാര്‍ട്ടികളുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തുന്നതാണ്. അത്തരം നടപടികൾ സിപിഎമ്മിന് മാത്രമല്ല രാജ്യത്തെ എല്ലാ ഇടതു പാർട്ടികൾക്കും ദോഷം ചെയ്യുമെന്നും ജി ദേവരാജൻ പറഞ്ഞു.