May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 8, 2025

കായിക മത്സരങ്ങളിൽ എട്ടാം സ്ഥാനം വരെ സ്വന്തമാക്കുന്ന താരങ്ങൾക്ക് ഗ്രേസ് മാർക്ക്’: മന്ത്രി വി അബ്ദുറഹിമാൻ

1 min read
SHARE

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളിൽ എട്ടാം സ്ഥാനം വരെ സ്വന്തമാക്കുന്ന കായിക താരങ്ങൾക്കും, സ്പോർട്സ് കൗൺസിലും മറ്റ് കായിക അസോസിയേഷനുകളും സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളിൽ നാലാം സ്ഥാനം വരെ സ്വന്തമാക്കുന്ന കായിക താരങ്ങൾക്കും ഗ്രേസ് മാർക്ക് നൽകാനുള്ള ശുപാർശ സർക്കാർ അംഗീകരിച്ചതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.കായിക വകുപ്പ് സംഘടിപ്പിക്കുന്ന ‘കിക്ക് ഡ്രഗ്സ്- സേ യെസ് ടു സ്പോർട്സ്’ ലഹരിവിരുദ്ധ സന്ദേശയാത്രയുടെ നാലാംദിവസം കോഴിക്കോട് ജില്ലയിലെ പായിമ്പ്ര വോളി ഫ്രണ്ട്സ് അക്കാദമിയിൽ നടന്ന കായിക കിറ്റ് വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമിയുടെ കോർട്ട് ഫ്ലോറിങ്ങിന് ആവശ്യമായ ഫണ്ടിന് ഖേലോ ഇന്ത്യ പ്രോജക്റ്റിൽ ഉൾപ്പെടുത്തി ശുപാർശ ചെയ്യാമെന്നും അദ്ദേഹം ഉറപ്പു നൽകി.കേരളത്തിലെ യുവജനങ്ങൾക്കിടയിൽ രാസലഹരിയുടെ ഉപയോഗം വർദ്ധിച്ചു വരുന്നതിലുള്ള ആശങ്കയും ഇതിനെതിരെ ശക്തമായ ബോധവൽക്കരണത്തിൻ്റെ ആവശ്യകതയുണ്ടെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ 24 വർഷത്തിലേറെയായി പായിമ്പ്രയിൽ പ്രവർത്തിക്കുന്ന വോളി ഫ്രണ്ട്സ് അക്കാദമി, പ്രദേശത്തെ യുവജനങ്ങളെ ലഹരിയുടെ വിപത്തിൽ നിന്ന് സംരക്ഷിക്കുന്നുണ്ട്. നിരവധി കായിക താരങ്ങളെ വളർത്തിയെടുക്കാനും അവർക്ക് മികച്ച ഭാവിയൊരുക്കാനും പുതിയ തലമുറയ്ക്ക് കായിക രംഗത്ത് വഴികാട്ടാനും അക്കാദമിക്ക് കഴിഞ്ഞിട്ടുണ്ടെന്നതിൽ മന്ത്രി പ്രശംസിച്ചു.സംസ്ഥാന സർക്കാർ ലഹരിക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നൽകുന്ന പോരാട്ടത്തിൽ പോലീസും എക്സൈസ് വകുപ്പും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. നൂറുകണക്കിന് ലഹരി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കിലോക്കണക്കിന് രാസലഹരി പിടിച്ചെടുക്കുകയും ലഹരി വിൽപനക്കാരുടെ വീടും വാഹനങ്ങളും ജപ്തി ചെയ്യുന്ന നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട് എന്നാൽ എൻഫോഴ്സ്മെന്‍റ് നടപടികൾ കൊണ്ട് മാത്രം ലഹരിയെ പൂർണ്ണമായി തുടച്ചുനീക്കാൻ കഴിയില്ലെന്നും ഇതിന് പൊതുസമൂഹത്തിന്‍റെ ശക്തമായ പിന്തുണയും സഹകരണവും ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.കേരളത്തിൽ ലഹരിയുടെ ഉത്പാദനമില്ലെങ്കിലും തൊട്ടടുത്ത സംസ്ഥാനങ്ങളിൽ നിന്ന് വലിയ തോതിൽ ലഹരി എത്തുന്നുണ്ട്. ലഹരി മാഫിയ വിദ്യാലയങ്ങളെ ലക്ഷ്യമിട്ട് മിഠായികളിലൂടെയും ശീതള പാനീയങ്ങളിലൂടെയും ചെറിയ തോതിൽ ലഹരി നൽകി കുട്ടികളെ അടിമയാക്കുന്ന വിചിത്രമായ മാർക്കറ്റിംഗ് തന്ത്രങ്ങൾ ഉപയോഗിക്കുന്നു. സ്വന്തം കുടുംബാംഗങ്ങളെ പോലും തിരിച്ചറിയാൻ കഴിയാതെ അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്ന രാസലഹരിയുടെ ഭീകര മുഖം സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ലഹരിക്ക് പകരമായി കായികമാണ് ലഹരി എന്ന് പുതിയ തലമുറയെ ബോധ്യപ്പെടുത്താനുള്ള വലിയ ശ്രമമാണ് കായിക വകുപ്പും സർക്കാരും പൊതുസമൂഹവും ചേർന്ന് നടത്തുന്നത്. ലഹരി വിരുദ്ധ പോരാട്ടത്തിൽ എല്ലാവരുടെയും പങ്കാളിത്തം അനിവാര്യമാണെന്നും മന്ത്രി അഭ്യർത്ഥിച്ചു. ചടങ്ങിൽ നിരവധി കായിക താരങ്ങളും പൊതുപ്രവർത്തകരും പങ്കെടുത്തു.