August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 26, 2026

ഗുരുവായൂർപ്രസിദ്ധമായ ചെമ്പൈ സംഗീതോൽസവത്തിന് ഇന്ന് അരങ്ങുണരും.

SHARE

ഇനിയുള്ള 15 ദിനരാത്രങ്ങൾ ക്ഷേത്രനഗരിയിൽ കർണാടക സംഗീതം അലയടിക്കും. വൈകിട്ട് 6ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണയ്ക്കായി ഗുരുവായൂർ ദേവസ്വം നൽകിവരുന്ന ശ്രീഗുരുവായൂരപ്പൻ ചെമ്പൈ സംഗീത പുരസ്കാരം പ്രശസ്ത കർണാടക സംഗീതജ്ഞൻ മധുരൈ ടി. എൻ. ശേഷഗോപാലന് ചടങ്ങിൽ മന്ത്രി സമ്മാനിക്കും. തുടർന്ന് പുരസ്കാര സ്വീകർത്താവിൻ്റെ സംഗീത കച്ചേരി അരങ്ങേറും. വ്യാഴാഴ്ച രാവിലെ ഏഴിന് ക്ഷേത്രത്തിൽ നിന്നും കൊണ്ടുവരുന്ന അഗ്നി തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ചെമ്പൈ സംഗീത മണ്ഡപത്തിൽ തെളിക്കുന്നതോടെ സംഗീതാർച്ചനയ്ക്ക് തുടക്കമാകും. ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഉപയോഗിച്ചിരുന്ന തംബുരു ചെമ്പൈ ഗ്രാമത്തിൽ നിന്ന് നാളെ വൈകിട്ട് ഗുരുവായൂരിൽ എത്തിക്കും. ദേവസ്വം ഭരണ സമിതി അംഗങ്ങൾ തംബുരു സ്വീകരിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സ്ഥാപിക്കും. സംഗീ തോത്സവത്തിൽ മൂവായിരത്തിലേറെ പേർ ഇത്തവണ സംഗീതാർച്ചന നടത്തും. സംഗീതോൽസവത്തിൻ്റെ പ്രാരംഭമായി ദേശീയ സംഗീത സെമിനാർ നടന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, വി.ജി.രവീന്ദ്രൻ എന്നിവർ സന്നിഹിതരായി.ഡോ.എൻ. മിനി, അരുൺ രാമവർമ്മ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ആനയടി പ്രസാദ്, ഡോ.കെ.മണികണ്ഠൻ എന്നിവർ മോഡറേറ്ററായി. സംഗീത വിദ്യാർത്ഥികളും ഗവേഷകരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.