‘ഹാപ്പി നൂഡിൽസ് ഡേ’; ഇന്ന് ദേശീയ നൂഡിൽസ് ദിനം

1 min read
SHARE

ഇന്ന് ഒക്ടോബർ 6 ദേശീയ നൂഡിൽസ് ദിനം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന നൂഡിൽസിന് ഏകദേശം 4,000 വർഷത്തിലേറെ ചരിത്രമുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? 2000 BC യിൽ ചൈനയിലാണ് ആദ്യമായി നൂഡിൽസ് കണ്ടുപിടിച്ചത്. പിന്നീട് യുറോപ്യൻ രാജ്യത്തേക്ക് നൂഡിൽസ് ട്രെൻഡ് എത്തുകയായിരുന്നു. ഫ്രാൻസിൽ നിന്ന് വർഷങ്ങൾക്ക് ശേഷം യുഎസിലേക്ക് മടങ്ങിയ തോമസ് ജെഫേഴ്സൺ ആണ് അമേരിക്കയിൽ ഈ വിഭവം പരിചയപ്പെടുത്തിയത് എന്നും അവകാശവാദങ്ങൾ ഉണ്ട്. അമേരിക്കൻ ഐക്യനാടുകളിൽ നൂഡിൽ എന്ന പദം സാധാരണയായി മുട്ട കൊണ്ട് നിർമ്മിച്ച റിബൺ ആകൃതിയിലുള്ള പാസ്തയെ സൂചിപ്പിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പല രീതികളിലായാണ് ഇവ ഉണ്ടാക്കി വരുന്നത്. നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില നൂഡിൽസുകൾ ഇതാ…

  1. റാമെൻ നൂഡിൽസ്

20-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ യോക്കോഹാമ ചൈനാടൗണിൽ നിന്നാണ് റാമെൻ നൂഡിൽസിന്റെ ഉത്ഭവം . “നീളം കൂടിയ നൂഡിൽസ്” എന്നർത്ഥം വരുന്ന ലാമിയൻ എന്ന ചൈനീസ് പദത്തിൽ നിന്ന് ജാപ്പനീസുകാർ കടമെടുത്തതാണ് “റാമെൻ” എന്ന വാക്ക്.

ജപ്പാനിൽ, പ്രത്യേകിച്ച് രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് ഭക്ഷ്യക്ഷാമം ഉണ്ടായപ്പോൾ ജനപ്രീതി നേടിയ വിഭവം കൂടിയാണിത്. ഗോതബ് നൂഡിൽസുകൾ ആണിവ, ചാറിൽ വിളബുന്ന രീതിയിലാണ് ഇത് കാണപ്പെടുക. ചിക്കൻ, പന്നിയിറച്ചി, പച്ചക്കറികൾ എന്നിവ ഉപയോഗിച്ചും ഈ വിഭവം തയ്യാറാക്കാം.

2.ഉഡോൺ നൂഡിൽസ്

ഗോതമ്പ് മാവിൽ നിന്ന് നിർമ്മിച്ച കട്ടിയുള്ള നൂഡിൽ ആണ് ഉഡോൺ. മുട്ട ഓംലെറ്റ് കഷ്ണങ്ങൾ, പൊടിച്ച ചിക്കൻ, കുക്കുമ്പർ, റാഡിഷ് പോലുള്ള പുതിയ പച്ചക്കറികൾ എന്നിവയുമായി ചേർത്താണ് ഇത് തയ്യാറാക്കുക. സൂപ്പുമായി കലർത്തിയാണ് ഉഡോൺ നൂഡിൽസുകൾ തയ്യാറാക്കാറുള്ളത്.

3.റൈസ് നൂഡിൽസ്

അരിപ്പൊടിയും വെള്ളവും പ്രധാന ചേരുവകളായി ഉണ്ടാക്കുന്ന നൂഡിൽസ് ആണ് റൈസ് നൂഡിൽസ്.

ചൈന , ഇന്ത്യ , തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ പാചകരീതികളിൽ റൈസ് നൂഡിൽസ് ഏറ്റവും സാധാരണമാണ്. പക്ഷെ ഇതിന്റെ ഉത്ഭവം ചൈനയിലാണ്. വിവിധ ആകൃതികളിലും കട്ടികളിലും ടെക്സ്ചറുകളിലും ഇവ ലഭിക്കും.

4 . ഗ്ലാസ് നൂഡിൽസ്

അന്നജത്തിൽ നിന്നാണ് ഗ്ലാസ് നൂഡിൽസ് ഉണ്ടാക്കുന്നത്. മധുരക്കിഴങ്, ഉരുളകിഴങ്ങ്, മരച്ചീനി എന്നിവകൊണ്ടും ഗ്ലാസ് നൂഡിൽസുകൾ ഉണ്ടാകാം. സാധാരണയായി ഉണക്കിയ രീതിയിലാണ് ഇവ കാണപ്പെടുന്നത്. സലാഡുകളിൽ ഇട്ടോ സൂപ്പ് രൂപത്തിലോ ഇവ പാചകം ചെയ്തെടുക്കാവുന്നതാണ്.

5.വെർമിസെല്ലി നൂഡിൽസ്

വളരെ വേഗത്തിൽ പാകം ചെയ്തെടുക്കുവാൻ കഴിയുന്ന നൂഡിൽസുകളിൽ ഒന്നാണിവ. ഇവ പ്രധാനമായി ഏഷ്യയിലാണ് ഏറ്റവും കൂടുതലായി ഉപയോഗിച്ചുവരുന്നത്. സേമ്യ അല്ലെങ്കിൽ സേമിയ എന്നും ഇത് അറിയപ്പെടുന്നു. ഗോതമ്പ് കൊണ്ട് ഉണ്ടാക്കുമ്പോൾ സേമിയ എന്നും തമിഴിൽ അരി ഉണ്ടാക്കുമ്പോൾ സേവായി എന്നുമാണ് ഇവ അറിയുന്നത്. മധുരത്തിലോ മസാലകൾ ഉപയോഗിച്ചോ ഇത് പാകം ചെയ്തെടുക്കാം.

6.സോമെൻ നൂഡിൽസ്

ജാപ്പനീസുകാർ ഏറ്റവും കൂടുതലായി ഉപയോഗിച്ചുവരുന്ന ഒന്നാണ് സോമെൻ നൂഡിൽസ്. വളരെ നേരിയ രൂപത്തിലായിരിക്കും ഇത് കാണപ്പെടുന്നത്. സൂപ്പ്, സലാഡുകൾ, സ്റ്റെർ-ഫ്രൈകൾ എന്നിവയിലും സോയ സോസ് ഉപയോഗിച്ചുള്ള ഡിപ്പിംഗ് സോസ് ഉപയോഗിച്ച് തണുപ്പിച്ചും സോമെൻ നൂഡിൽസ് കഴിക്കാം.