May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 18, 2025

നാട്ടിലെത്താന്‍ ശ്രമിച്ചെങ്കിലും അവധി കിട്ടിയില്ല; ബാഹുലേയന്റെ സ്വപ്നങ്ങള്‍ തീയില്‍ എരിഞ്ഞടങ്ങി

1 min read
SHARE

ഓണത്തിന് നാട്ടിലെത്താന്‍ ഇരിക്കെയാണ് അപ്രതീക്ഷിത ദുരന്തത്തില്‍ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ബാഹുലേയന്‍ കുവൈറ്റില്‍ മരണമടഞ്ഞത്. ഒരാഴ്ച മുന്‍പ് ബാഹുലേയന്‍ നാട്ടിലെത്താന്‍ ശ്രമിച്ചെങ്കിലും അവധി കിട്ടിയിരുന്നില്ല. പ്രിയപ്പെട്ടവന്റെ വിയോഗം ഉള്‍ക്കൊള്ളാന്‍ നാടിന് ആയിട്ടുമില്ല. നാട്ടിലെ ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകനായ ബാഹുലേയന്‍ പ്രായഭേദമെന്യേ നാട്ടിലെ ഓരോരുത്തരുടെയും സുഹൃത്തായിരുന്നു. ചെണ്ടമേളവും, നാട്ടന്‍ പാട്ടും, രാഷ്ട്രീയ പ്രവര്‍ത്തനവുമെല്ലാം ആയി ബാഹുലേയന്‍ നാട്ടിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവം. ഓരോരുത്തര്‍ക്കും ഏറെ പ്രിയപ്പെട്ടവന്‍….. പുലാമന്തോള്‍ തിരുത്തിലെ ക്ലബ്ബും വഴിയരുകും, അമ്പലവും എല്ലാം ആയിരുന്നു ബാഹുലേയന്റെ സ്വര്‍ഗം. ഇവിടെ നിന്നാണ് 7 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏതൊരു പ്രവാസിയെയും പോലെ ഒരുപാട് സ്വപ്നങ്ങളുമായി ബാഹുലേയന്‍ കുവൈറ്റിലേക്ക് പറക്കുന്നത്. ആദ്യ അഞ്ചുവര്‍ഷങ്ങള്‍ അവിടെ ഒരു കമ്പനിയില്‍ സെയില്‍സ്മാനായിരുന്നു. പിന്നീട് സൂപ്പര്‍മാര്‍ക്കറ്റില്‍ കാഷ്യറായി ജോലികിട്ടി. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് ഒടുവില്‍ നാട്ടില്‍വന്നത്. ഒന്നരമാസത്തെ അവധി കഴിഞ്ഞു പോവുകയും ചെയ്തു. ഓരോതവണ വരുമ്പോഴും നാട്ടില്‍ എന്തെങ്കിലും ജോലിസംഘടിപ്പിച്ച് ഇവിടെ നില്‍ക്കണമെന്ന ആഗ്രഹം സുഹൃത്തുക്കളോട് ആവര്‍ത്തിച്ചു പറയുമായിരുന്നു. നാടും നാട്ടുകാരും സുഹൃദ് ബന്ധങ്ങളും അത്രയധികം പ്രിയപ്പെട്ടതായിരുന്നു ബാഹുലേയന്. അപകടം നടന്നുകഴിഞ്ഞ് ആദ്യഘട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ ബാഹുലേയന്റെ പേര് കേള്‍ക്കാത്തതിന്റെ ആശ്വാസത്തിലായിരുന്നു എല്ലാവരും. എന്നാല്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെ ഔദ്യോഗികമായ സ്ഥിരീകരണം വന്നപ്പോള്‍ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ നാടിനും ആ വാര്‍ത്ത താങ്ങാവുന്നതിലും അപ്പുറമായിരുന്നു.