ഹേമ കമ്മറ്റി: റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം സിനിമാ മേഖലയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത് 50 കേസുകൾ
1 min read

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം സിനിമാ മേഖലയുമായി ബന്ധപ്പെട്ട് 50 കേസുകൾ രജിസ്റ്റർ ചെയ്തതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിൽ 4 കേസുകളിൽ അന്വേഷണം പൂർത്തിയായി റിപ്പോർട്ട് സമർപ്പിച്ചതായും അറിയിച്ചു. കേസിലെ സാക്ഷികള്‍ക്ക് ഭീഷണിയുണ്ടെങ്കില്‍ നോഡല്‍ ഓഫീസര്‍മാർക്ക് പരാതി നൽകാമെന്നും കോടതി പറഞ്ഞു. പരാതികളിൽ നോഡൽ ഓഫീസറന്മാർ നടപടിയെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കാത്തവര്‍ക്കും എസ്‌ഐടിക്ക് പരാതി നല്‍കാം. പുതിയ പരാതികള്‍ ജനുവരി 31 വരെ നല്‍കാം. ഇതിനിടെ ഹർജിയിൽ കക്ഷി ചേരാനുള്ള നടി രഞ്ജിനിയുടെ അപേക്ഷ കോടതി അംഗീകരിച്ചു. റിപ്പോർട്ടിന്‍റെ രഹസ്യ സ്വഭാവം നിലനിർത്തണമെന്നാണ് രഞ്ജിനിയുടെ ആവശ്യം. പരാതി നല്‍കിയവരെ അവര്‍ ഉള്‍പ്പെട്ട സംഘടനകളില്‍ നിന്ന് പുറത്താക്കുന്നുവെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ അഭിഭാഷക പറഞ്ഞു. പുറത്താക്കൽ നോട്ടീസ് ലഭിച്ചവര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.
അതേ സമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി പ്രത്യേക ബഞ്ച് ഉത്തരവിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
