ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി, ആശുപത്രിയിൽ ചികിത്സയിലിരിക്കെ ദാരുണാന്ത്യം

ബംഗ്ലാദേശിൽ ആക്രമണം നേരിട്ട ഹിന്ദു ന്യൂനപക്ഷ വിഭാഗത്തിലെ യുവാവ് മരിച്ചു. ഖോകോൺ ചന്ദ്ര ദാസ് ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡിസംബർ 31 ന് ശരിയത്ത്പൂർ ജില്ലയിലാണ് സംഭവം നടന്നത്. മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമിച്ചത്. പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ആക്രമണത്തിൽ ഖഖൻ ദാസിന് ഗുരുതരമായി പരുക്കേറ്റു. ഇയാളെ തീകൊളുത്തിയെങ്കിലും ഉടൻ നദിയിലേക്ക് എടുത്ത് ചാടിയതിനാൽ രക്ഷപ്പെട്ടു.
ആരോഗ്യനില വഷളായതിനെ തുടർന്ന് ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസ് ചികിത്സയിലായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ബംഗ്ലാദേശിൽ ഹിന്ദുവിനെതിരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. മെഡിക്കൽ ഷോപ്പ് അടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ദാസിനെ ആക്രമിച്ചതെന്ന് ഭാര്യ പറഞ്ഞു. അക്രമികൾ അദ്ദേഹത്തെ കുത്തുകയും തലക്ക് അടിക്കുകയും ചെയ്തു.
ആരാണ് ഇത് ചെയ്തതെന്ന് എനിക്കറിയില്ല. ഞങ്ങൾക്ക് നീതി വേണം. എന്റെ ഭർത്താവ് ഒരു പാവപ്പെട്ട മനുഷ്യനാണ്. അദ്ദേഹം ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് ഭാര്യ പറഞ്ഞു. ഡിസംബർ 24 ന്, ബംഗ്ലാദേശിലെ കലിമോഹർ യൂണിയനിലെ ഹൊസൈൻഡംഗ പ്രദേശത്ത് 29 വയസ്സുള്ള അമൃത് മൊണ്ടൽ എന്ന മറ്റൊരു ഹിന്ദു യുവാവിനെ ജനക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. ഡിസംബർ 18 ന് ദിപു ചന്ദ്ര ദാസ് എന്ന യുവാവും ആൾക്കൂട്ട ആക്രമണത്തിൽ ക്രൂരമായി കൊല്ലപ്പെട്ടു.

